കണ്ണൂർ: കെപിസിസി. അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ. സുധാകരൻ. ഹൈക്കമാൻഡും നേതാക്കളും ഒറ്റക്കെട്ടായി അധ്യക്ഷ സ്ഥാനത്ത് തുടരണം ആവശ്യമില്ലാത്തത് ചിന്തിക്കരുത് എന്ന് അറിയിച്ചതിനാൽ അവരുടെ തീരുമാനത്തെ സ്വീകരിക്കുന്നുവെന്ന് സുധാകരൻ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നേതൃത്വത്തിൽ തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞത്. എന്നാൽ, സ്ഥാനത്തുതുടരണമെന്ന് ഹൈക്കമാൻഡും നേതാക്കളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടെന്നും സുധാകരൻ അറിയിച്ചു. തോട്ടട നടാലിലെ വീട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ ചാപ്റ്റർ അവസാനിച്ചു. എ കെ ബാലന്റെയും എം വി ഗോവിന്ദന്റെയും ആരോപണങ്ങൾക്ക് മറുപടി ഇല്ല .കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിയില്ല. ചോദ്യം ചെയ്യലിന് ശേഷം പൂർണ ആത്മവിശ്വാസം ഉണ്ടായി.അന്വേഷണവുമായി സഹകരിച്ചു .കേസിൽ ചുക്കും ചുണ്ണാമ്പുമില്ലെന്ന് മനസിലായില്ലെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

'ഞാനൊരു കേസിൽ പ്രതിയാകുമ്പോൾ അത് പാർട്ടിയെ ബാധിക്കുന്നത് ഉൾക്കൊള്ളാൻ എനിക്ക് സാധിക്കില്ല. അതുകൊണ്ട് രാജി സന്നദ്ധത അറിയിച്ചു. എന്റെ ധാർമികമായ ഉത്തരവാദിത്തമാണത്. പക്ഷേ നേതൃത്വവും ഹൈക്കമാൻഡും ഒറ്റക്കെട്ടായി, തുടരണം ആവശ്യമില്ലാത്തത് ചിന്തിക്കരുത് എന്ന് പറയുന്നു. അവരുടെ തീരുമാനത്തെ ഞാൻ സ്വീകരിക്കുന്നു. അതവിടെ അവസാനിച്ചു. അതിപ്പോൾ അടഞ്ഞ അധ്യായമാണ്', കെ. സുധാകരൻ പറഞ്ഞു.

അതേസമയം, തന്റെ പേരിലുള്ള പുരാവസ്തു തട്ടിപ്പുകേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാനും കെ. സുധാകരൻ തീരുമാനിച്ചു. പോക്സോ കേസുമായി ബന്ധപ്പെടുത്തിയുള്ള പരാമർശത്തിൽ സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പാർട്ടി മുഖപത്രമായ ദേശാഭിമാനിക്കും എതിരായി രണ്ടുദിവസത്തിനകം മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും സുധാകരൻ അറിയിച്ചു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരെ ധരിപ്പിക്കാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ നാളെ ഡൽഹിക്ക് തിരിക്കും. സുധാകരനെതിരായ കേസിന്റെ വിശദാംശങ്ങളും ഹൈക്കമാൻഡിനെ ധരിപ്പിക്കും. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയമായി പ്രത്യേക സാഹചര്യത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് ഇരുവരുടെയും ഡൽഹി സന്ദർശനമെന്നത് ശ്രദ്ധേയം.

നാളെ ഡൽഹിയിലെത്തുന്ന സുധാകരനും സതീശനും ആദ്യം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നാളെ ഡൽഹിയിൽ എത്തുമെന്നാണ് വിവരം. അദ്ദേഹത്തെയും ഇരുവരും നേരിൽ കാണും. കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കുമായി സുധാകരനും സതീശനും രണ്ടു ദിവസം ഡൽഹിയിൽ ഉണ്ടാകും.

പ്രതിപക്ഷത്തെ പ്രധാന നേതാക്കളായ ഇരുവർക്കുമെതിരെ കേരളത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ സുധാകരനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. സിപിഎം ഭരിക്കുകയും കോൺഗ്രസ് പ്രതിപക്ഷത്തിരിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്ത്, ഇത്തരമൊരു സ്ഥിതിവിശേഷം രൂപപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും നേതൃത്വത്തെ അറിയിക്കും.

കഴിഞ്ഞ ദിവസം പട്‌നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ ഒന്നിച്ചു നീങ്ങാൻ കൈകൊടുത്തവരിൽ കോൺഗ്രസ്, സിപിഎം നേതാക്കളും ഉൾപ്പെട്ടിരുന്നു. ദേശീയ തലത്തിൽ ഒന്നിച്ചു നീങ്ങുന്നതിനിടെയാണ് കേരളത്തിൽ ഇത്തരമൊരു ഏറ്റുമുട്ടൽ എന്നതും സവിശേഷമായ സാഹചര്യമാണ്.

നേരത്തെ, കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ രൂപപ്പെട്ട തർക്കങ്ങളെ തുടർന്ന് ഗ്രൂപ്പ് നേതാക്കൾ ഇരുവർക്കുമെതിരെ പരാതിയുമായി ഹൈക്കമാൻഡിനെ കാണാൻ തീരുമാനിച്ചിരുന്നു. എന്നാൽ, പിന്നീട് ഇരു നേതാക്കളെയും പ്രതികളാക്കി സർക്കാർ കേസ് രജിസ്റ്റർ ചെയ്യുന്ന സാഹചര്യം വന്നതോടെ പരാതികളെല്ലാം മാറ്റിവച്ചിരിക്കുകയാണ് ഗ്രൂപ്പുകൾ. നിലവിൽ ഇരുവർക്കും പ്രതിരോധം തീർത്ത് കോൺഗ്രസ് നേതാക്കൾ സജീവമാണ്.

കെപിസിസി. പ്രസിഡന്റ് തനിക്കെതിരായി നൽകുമെന്ന് പറഞ്ഞ കേസിനെ നിയമപരമായി നേരിടുമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. വാർത്തയുടെ ഭാഗമായിട്ടുള്ളത് പറഞ്ഞത് അടിസ്ഥാനമാക്കിയുള്ള കേസാണ്. അത് ജനങ്ങൾ കൃത്യമായി മനസിലാക്കും. കേസ് നേരിടും. ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സുധാകരനെതിരായ കേസിനുപിന്നിൽ കോൺഗ്രസുകാരാണെന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം.