കോഴിക്കോട്: 'എന്നെ ശബ്ദം കൊണ്ട് ബ്രെയിൻവാഷ് ചെയ്തു, വീട്ടിലെ സമാധാനമൊക്കെ നഷ്ടപ്പെട്ടു അവരെ അറസ്റ്റ് ചെയ്യണം' ഒരാൾ കോഴിക്കോട് ആകാശവാണിക്ക് മുന്നിൽ ബഹളം വയ്ക്കുകയാണ്. അയാൾക്ക് ഉറക്കം കിട്ടുന്നില്ലത്രേ. ആകാശവാണിയിലെ ഒരു അവതാരകയാണ് പ്രശ്നം. അവരുടെ ശബ്ദമാധുരിയാണ് അയാളുടെ ഉറക്കം കെടുത്തുന്നത്. ആകാശവാണിയിലെ ജീവനക്കാർ അയാളെ സമാധാനിപ്പിച്ച് വിട്ടു. പക്ഷെ അത് ആയാൾ ഒരാളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രശ്നമായിരുന്നില്ല.

കോഴിക്കോട് ആകാശാവാണിക്ക് കീഴിലും കേരളമൊട്ടാകെയുമുള്ള നിരവധി റേഡിയോ പ്രേക്ഷകരെ പിന്നെയും ആ ശബ്ദം ആകർഷിക്കുകയും ഉറക്കംകെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ആ ശ്രവ്യമനോഹരമായ ശബ്ദത്തിന്റെ ഉടമയുടെ പേര് വി. പ്രീത എന്നായിരുന്നു. 1993 ഡിസംബർ മുതലാണ് ആകാശവാണി കോഴിക്കോട് നിലയത്തിൽ നിന്നും പ്രീതയുടെ ശബ്ദം ശ്രോതാക്കൾ കേട്ടുതുടങ്ങുന്നത്. സ്റ്റുഡിയോയിൽ നിന്നുള്ള അനൗൺസ്‌മെന്റുകളായും പരിപാടികളിലെ വിവരണങ്ങളായും തത്സമയ പ്രക്ഷേപണത്തിന്റെ അവതാരകയായും അവിടുന്നിങ്ങോട്ട് വി. പ്രീത എന്ന സ്റ്റാഫ് അനൗൺസർ കേൾവിക്കാരുടെ പ്രിയപ്പെട്ട് പ്രീത ചേച്ചിയായി.

റേഡിയോ നാടിന്റെ ജീവനാഡിയായിരുന്ന കാലത്തിന്റെ അവസാനഘട്ടങ്ങളിൽ കോഴിക്കോട് ആകാശവാണിയിൽ നിന്നും ജനലക്ഷങ്ങളുടെ ഹൃദയത്തിലേയ്ക്കെത്തിയ ആ ശബ്ദം ഇന്ന് സ്റ്റുഡിയോയുടെ പടികളിറങ്ങുകയാണ്. അനൗൺസറായി എത്തി മലയാളികളുടെ ഹരമായി മാറിയ ശബ്ദമായിരുന്നു 'പ്രീത ചേച്ചി ' എന്ന വി. പ്രീതയുടേത്. ഗാനമാലിക, സിനിമാ സല്ലാപം, എഫ്.എം ചോയ്‌സ്, സ്‌നേഹപൂർവ്വം, സഹയാത്രിക, വനിതാവേദി, കിഞ്ചന വർത്തമാനം, കഥാനേരം, ഫോൺ ഇൻ ഇഷ്ടഗാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളിലൂടെയും കഴിഞ്ഞ 18 വർഷമായി ദിൽ സേ ദിൽ തക്ക് എന്ന പരിപാടിയിലൂടെയും റേഡിയോ പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറിയ പ്രീത ഇന്ന് റിട്ടയേർഡ്മെന്റ് ജീവിതത്തിലേയ്ക്ക് കടക്കുന്നു.

മലയാള പ്രക്ഷേപണ ചരിത്രത്തിലെ ഒരു നേട്ടവും പ്രീതയുടെ പേരിലാണ്, ശബരിമലയിൽ നിന്ന് റിപ്പോർട്ട് ചെയ്ത ആദ്യ വനിതാ മാധ്യമ പ്രവർത്തക എന്ന നേട്ടം. ദേശീയോദ്‌ഗ്രഥനത്തിനുള്ള ലാസാ കൗൾ പുരസ്‌ക്കാരം ഉൾപ്പെടെ രണ്ട് ആകാശവാണി ദേശീയ പുരസ്‌ക്കാരങ്ങൾ, മികച്ച പ്രക്ഷേപകയ്ക്കുള്ള റോട്ടറി വൊക്കേഷണൽ എക്സ്ലൻസ് അവാർഡ്, മൊയ്തു മൗലവി സ്മാരക അക്ഷരം പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.മനോഹരമായ ശബ്ദവും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയുമാണ് പ്രീതയെ മലയാളികളുടെ പ്രിയപ്പെട്ട റേഡിയോ അവതാരകയാക്കി മാറ്റിയത്. 'ഇന്നും മൈക്കിന് മുന്നിൽ നിൽക്കുമ്പോൾ ഒരു വിറയലാണ്. ജോലിയോടുള്ള ആ എക്‌സൈറ്റമെന്റാവാം അത്. എന്റെ ജോലി എനിക്ക് മടുത്തിട്ടില്ല എന്നതിന് തെളിവല്ലേ അത്.' പ്രീത പറയുന്നു.

ശെമ്മങ്കുടി ശ്രീനിവാസ അയ്യർ, ഡോ. ബാലമുരളീ കൃഷ്ണ, കുന്നക്കുടി വൈദ്യനാഥൻ, യേശുദാസ് എന്നിങ്ങനെ നിരവധി പ്രമുഖർക്കൊപ്പം പരിപാടികൾ ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുള്ളയാൾ കൂടിയാണ് പ്രീത. 2003 ൽ ആരംഭിച്ച് ഇന്നും തുടരുന്ന ദിൽ സേ ദിൽ തക്ക് എന്ന പരിപാടിയിലൂടെ മന്നാഡേ, രവിബോംബേ, പ്യാരേലാൽ, ഖയ്യാം, അമീൻ സയാനി തുടങ്ങിയ ഹിന്ദിസംഗീതരംഗത്തെ പ്രശസ്തരെ കേരളത്തിൽ അവതരിപ്പിക്കാനും അവരുടെ ഇഷ്ടഗാനങ്ങൾ കേൾപ്പിക്കാനും പ്രീതയ്ക്ക് സാധിച്ചു. ദിൽ സേ ദിൽ തക്കിന്റെ പേരിൽ സംഘടിപ്പിച്ച രണ്ട് സ്റ്റേജ് ഷോകളും വലിയ വിജയമായിരുന്നു. അന്ന് മറ്റൊരു അറിയിപ്പും നൽകാതെ, ആകാശവാണിയിലൂടെ പരിപാടി അനൗൺസ് ചെയ്യുക മാത്രം ചെയ്തിട്ടും ടാഗോർ ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു.

31-ാം വയസിൽ മലയാളിപ്രേക്ഷകർക്കൊപ്പം ആരംഭിച്ച ഈ യാത്ര അതിവേഗം തീർന്നുപോയതിന്റെ വേദന മാത്രമാണ് പ്രീതയ്ക്കുള്ളത്. 'പ്രോഗ്രാമുകൾ ഒരു മണിക്കൂർ ദൈർഘ്യമുള്ളതാണെങ്കിലും വേഗം തീർന്ന പോലും തോന്നും. അതിപ്പോൾ ഈ ജീവിതം ഇങ്ങനെ തന്നെ തുടർന്ന് പോകും എന്നല്ലേ ഞാൻ കരുതിയത്. എന്നാലിപ്പോൾ റിട്ടയർമെന്റ് എത്തിയില്ലെ...' ചിരിയിൽ ചെറിയൊരു സങ്കടത്തോടെ പ്രീത ചോദിക്കുന്നു.

മെയ് മുപ്പത്തൊന്നിന് മലയാളികളുടെ പ്രിയപ്പെട്ട പ്രീത ചേച്ചി ആകാശവാണിയുടെ പടിയിറങ്ങുകയാണ്. പക്ഷെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആ ശബ്ദം അങ്ങനെയൊന്നും മാഞ്ഞുപോകില്ല. ഷോ മസ്റ്റ് ഗോ ഓൺ.