തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിനുനേരെ നാടന്‍ ബോംബെറിഞ്ഞു. ബോംബേറില്‍ വീടിന് മുന്നിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാപ്പ കേസിലെ പ്രതികളായ അഖില്‍ (23), വിവേക് (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. തുമ്പ നെഹ്‌റു ജംഗ്ഷന് സമീപമാണ് സംഭവം. സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഷമീര്‍ എന്നയാളുടെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ഷമീറിന്റെ സുഹൃത്തുക്കളായ അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഖിലിന്റെ കൈക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിവേക് പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ളയാളാണ്. സംഭവം നടക്കുമ്പോള്‍ ഷമീര്‍ വീട്ടിനുള്ളിലായിരുന്നു. ബൈക്കിലെത്തിയ മുഖംമൂടിക്കാരായ രണ്ട് പേര്‍ നാടന്‍ബോംബ് എറിയുകയായിരുന്നു.

സുഹൃത്തുക്കളായ അഖിലും വിവേകും വീടിന് പുറത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ബോംബേറുണ്ടായത്. കഴക്കൂട്ടം സ്വദേശി സുനിലാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.

പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നാണ് പ്രാഥമിക വിവരം. തുമ്പ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ രണ്ടുപേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇതില്‍ അഖില്‍ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു