ണ്ണി മുകുന്ദൻ നിർമ്മിച്ച ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിൽ മറുപടിയുമായി ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് മംഗലത്ത്. ഉണ്ണി സ്വന്തം സഹോദരനെ പോലെയാണെന്നും അതിനാൽ പ്രതിഫലം വേണ്ടെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. എന്നിട്ടും സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകി. എന്നിട്ട് ഇപ്പോൾ എന്താണ് ബാല ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും വിനോദ് മംഗലത്ത് പറയുന്നു.

സ്വന്തം സഹോദരനെപ്പോലെ കരുതുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണിതെന്നും ഇതിന് താൻ പൈസ മേടിക്കില്ലെന്നുമായിരുന്നു ബാലയുടെ നിലപാട്. ''ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഒരാൾക്ക് പോലും പ്രതിഫലം കൊടുക്കാതെ ഇരുന്നിട്ടില്ലെന്നുംവിനോദ് പറയുന്നു. ഇപ്പോൾ സിനിമ ലാഭം ആയതുകൊണ്ടാണ് എല്ലാവരും ഇങ്ങനെ സംസാരിക്കുന്നത് എന്നാണ് തോന്നുന്നത്. ഉണ്ണി മുകുന്ദനാണ് ബാലയെ ചിത്രത്തിനുവേണ്ടി സജസ്റ്റ് ചെയ്യുന്നത്. ലൈൻ പ്രൊഡ്യൂസർ എന്ന നിലയിൽ സിനിമയുടെ തുടക്കത്തിൽ തന്നെ ബാലയുമായി ഞാൻ സംസാരിച്ചിരുന്നു. ഇതാണ് ബജറ്റ് എന്നും ഇത്രയാണ് താങ്കളുടെ പ്രതിഫലം എന്നും ഞാൻ വ്യക്തമായി അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്, 'ഇത് ഉണ്ണിയുടെ സിനിമയാണ്. ഉണ്ണി എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്ന ഒരു സിനിമയാണ്.  ഉണ്ണിയുടെ സുഹൃത്ത് എന്ന നിലയിൽ എനിക്ക് പ്രതിഫലം പോലും വേണ്ട.' എന്നാണ്.

സിനിമയുടെ ചിത്രീകരണ ശേഷവും പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതുതന്നെ പറഞ്ഞു. പിന്നീട് ഡബ്ബിങിനു വന്നുപോയ ശേഷം രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് അയച്ചുകൊടുക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ പ്രതിഫലം നൽകാതെ സിനിമയുടെ നിർമ്മാതാവ് കൂടിയായ ഉണ്ണിമുകുന്ദൻ കബളിപ്പിച്ചുവെന്നാണ് ബാലയുടെ ആരോപണം. 'അമ്മ'യുടെ പ്രതിനിധിയായ ഇടവേള ബാബുവിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ പരാതിപ്പെടാനാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ എവിടെയും പരാതിപ്പെടാൻ താൻ തയാറല്ലെന്നും ഇത് സ്വയം മനുഷ്യൻ തിരിച്ചറിയേണ്ട വസ്തുതയാണെന്നും ബാല പറയുന്നു. പ്രതിഫയുടെ പ്രതികരണം.

20 ദിവസത്തോളം ആ സിനിമയ്ക്ക് വേണ്ടി അദ്ദേഹം വർക്ക് ചെയ്തിരുന്നു. അദ്ദേഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്തുകൊടുത്തു. ഡബ്ബിങ്ങിനു വന്നപ്പോഴും ഞാൻ അദ്ദേഹത്തോട് പെയ്‌മെന്റ് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചിരുന്നു. അപ്പോഴും അദ്ദേഹം സുഹൃത്തിന്റെ സിനിമയാണ്, എന്റെ ബ്രദറിന്റെ സിനിമയാണ്, എനിക്ക് പ്രതിഫലം വേണ്ട. സിനിമ നന്നായി വരട്ടെ എന്നു പറഞ്ഞു അനുഗ്രഹിച്ച് പോയി. എന്നിട്ടും ലൈൻ പ്രൊഡ്യൂസർ എന്ന നിലയിൽ ഡബ്ബിങ് കഴിഞ്ഞ ഉടനെ രണ്ട് ലക്ഷം രൂപ ഞാൻ അദ്ദേഹത്തിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ എന്താണ് അദ്ദേഹം ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല.

ബാലയ്ക്ക് വേണമെങ്കിൽ എന്നെ നേരിട്ട് വിളിച്ചു സംസാരിക്കാമായിരുന്നു. അല്ലെങ്കിൽ പ്രൊഡ്യൂസറെ തന്നെ നേരിട്ട് വിളിക്കാമായിരുന്നു. ഇതൊന്നും ചെയ്യാതെയാണ് അദ്ദേഹമിപ്പോൾ ഇങ്ങനെ സോഷ്യൽ മീഡിയയിലെത്തി പ്രതികരിച്ചിരിക്കുന്നത്. ചിലപ്പോൾ സിനിമ നന്നായി പോകുന്നതുകൊണ്ടാവും. പത്ത്പതിനഞ്ച് വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. അദ്ദേഹം നല്ലൊരു ക്യാരക്ടർ വേഷമാണ് ഈ സിനിമയിൽ ചെയ്തത്. അത് നന്നായി വരികയും ചെയ്തു. അതിലൊക്കെ അദ്ദേഹത്തോട് എനിക്ക് ഒരുപാട് ബഹുമാനവും സന്തോഷവുമുണ്ട്. ഇപ്പോൾ എന്താണ് അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത് എന്ന് അറിയില്ല. എന്തായാലും അദ്ദേഹത്തിന് 'ഓൾ ദ് ബെസ്റ്റ്' പറയുകയാണ്.

ഇതിൽ വർക്ക് ചെയ്ത ആരെങ്കിലും ഒരാൾ പ്രതിഫലം കിട്ടിയിട്ടില്ല എന്ന് വന്നു പറഞ്ഞാൽ അവർക്ക് ഡബിൾ പെയ്‌മെന്റ് കൊടുക്കാൻ ഞാൻ തയാറാണ്. ആരെങ്കിലും ഒരാൾ എനിക്ക് പേയ്മെന്റ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞാൽ അതിന്റെ ഉത്തരവാദിത്വം എനിക്കാണ്. ഇത് ഉറപ്പിച്ചു പറയാൻ കാരണം അവർക്ക് പെയ്മെന്റ് കൊടുത്തതിന്റെ എല്ലാ രേഖകളും എന്റെ കയ്യിൽ ഉണ്ട്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാൻ ഞാൻ തയാറാണ്. അത് പരിശോധിച്ചാൽ മനസ്സിലാവുന്നതേയുള്ളൂ.

എന്നാൽ ചിലരോട്, പറഞ്ഞതിൽ നിന്നും കുറച്ചു തുക കുറച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്. അതും അവരോട് നേരിട്ട് ചോദിച്ചു അനുവാദം മേടിച്ചതിന് ശേഷം മാത്രമാണ് അങ്ങനെ ചെയ്തിട്ടുമുള്ളത്. അവരിൽ പലരും സ്വമനസ്സാലെ പൈസ കുറച്ചു തന്നിട്ടുമുണ്ട്. വർക്ക് കഴിഞ്ഞ് പെയ്‌മെന്റ് വേണമെന്ന് പറഞ്ഞവർക്ക് അപ്പോൾ തന്നെ പൈസ കൊടുത്തിട്ടുമുണ്ട്. ചിലപ്പോൾ ഒന്നോ രണ്ടോ പേര് മറ്റു പലവിധത്തിൽ പറഞ്ഞിട്ടുമുണ്ടാവും. അത് എന്തുകൊണ്ടാണ് എന്നും അറിയില്ല.

ഈ പ്രോജക്ട് ആദ്യം ചെയ്യാനിരുന്നത് മറ്റൊരു പ്രൊഡ്യൂസർ ആയിരുന്നു. അപ്പോൾ ബജറ്റ് ശരിയാവാത്തതുകൊണ്ട് അദ്ദേഹം മാറുകയും പിന്നീട് ഉണ്ണി മുകുന്ദൻ പ്രൊഡക്ഷൻസ് ഇത് ഏറ്റെടുക്കുകയും ചെയ്തു. ആ ബജറ്റ് പിന്നീട് റിവൈസ് ചെയ്തപ്പോൾ കുറെ കാര്യങ്ങൾ ഒഴിവാക്കി. അപ്പോൾ ക്യാമറാമാന് 8 ലക്ഷം രൂപയാണ് ഞങ്ങൾ ബജറ്റ് ഇട്ടത്. കൂടാതെ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്ന ഒരു കാര്യമിതാണ് 'ഷൂട്ട് കഴിയുമ്പോൾ ചിലപ്പോൾ എമൗണ്ട് ഒന്ന് കുറച്ച് തരേണ്ടി വരും'. 35 ദിവസമായിരുന്നു ഷൂട്ട് പ്ലാൻ ചെയ്തത്. 35 ദിവസത്തേക്ക് 8 ലക്ഷം രൂപയാണ് അദ്ദേഹം ആവശ്യപ്പെട്ടതും.

എന്നാൽ 26 ദിവസം കൊണ്ട് ഷൂട്ട് തീർന്നു. അതിൽ രാപകലുകൾ ഉൾപ്പെടുന്നുണ്ട്. അപ്പോൾ തന്നെ ഞാൻ പറയുകയും ചെയ്തു, '35 ദിവസം എന്നുള്ളത് 26 ദിവസം കൊണ്ട് തീർന്നു, അപ്പോൾ കുറച്ച് പൈസ കുറച്ചു കുറയ്ക്കണം' എന്ന്. അങ്ങനെ സംസാരിച്ച് അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് പൈസകുറച്ചു കൊടുത്തത്. അദ്ദേഹത്തോട് ഞാൻ പൈസ ഒരിക്കലും തരില്ല എന്ന് പറഞ്ഞിട്ടുമില്ല. അദ്ദേഹത്തിന്റെ ഇഷ്ടാനുസരണം, 'ഓക്കെ. ചെയ്‌തോളൂ' എന്ന് പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തതും. അത് അദ്ദേഹത്തോട് മാത്രമല്ല, ഞാൻ മുഖാന്തരം വന്നവരിൽ പലരും പൈസ കുറച്ച് തന്നിട്ടുണ്ട്. അത് എന്റെ വ്യക്തിപരമായ ബന്ധങ്ങൾ കൊണ്ടാണ്. അത് ഈ സിനിമയ്ക്ക് വേണ്ടി മാത്രമല്ല, പല സിനിമകൾക്ക് വേണ്ടിയും മുമ്പും അങ്ങനെ ചെയ്തിട്ടുമുണ്ട്.

എൽദോയുടെ കാര്യം പറഞ്ഞാൽ, ഞാൻ വർക്ക് ചെയ്ത പല സിനിമകളിൽ ചില സിനിമകൾക്ക് ഇനിയും അദ്ദേഹത്തിന് പെയ്‌മെന്റ് കിട്ടിയിട്ടില്ല. മൂന്നുവർഷം മുമ്പ് പാലക്കാട് ഷൂട്ട് ചെയ്ത ഒരു ചിത്രത്തിന് അദ്ദേഹത്തിന് ഇതുവരെ പെയ്‌മെന്റ് മുഴുവൻ കിട്ടിയിട്ടില്ല. ആ സിനിമയെക്കുറിച്ച് അദ്ദേഹം ഇതുവരെ എവിടെയും പറഞ്ഞിട്ടുമില്ല. ഈ സിനിമയ്ക്കായി ഡിഐ ചെയ്യുന്ന സമയത്ത് അതിനു വേണ്ടി ഇടുക്കിയിൽ നിന്ന് എറണാകുളത്ത് വന്ന് താമസിക്കുമ്പോൾ വണ്ടിയുടെ പെയ്‌മെന്റ് വരെ ഞാൻ കൊടുക്കുകയും ചെയ്തു. ഈ വർക്കിന് വേണ്ടി മൂന്ന് ദിവസത്തേക്ക് വന്നയാൾ ഒരാഴ്ചയോളം ആലീസ് എന്ന ഹോട്ടലിൽ താമസിച്ച് മറ്റു സിനിമകളുടെ കഥ കേട്ടു. ആ സമയത്തും ഞാനാണ് ഹോട്ടലിന്റെ പെയ്‌മെന്റ് കൊടുത്തത്. അതൊന്നും അദ്ദേഹം ഇപ്പോൾ പറയുന്നില്ല. ഒരു യഥാർഥ മനുഷ്യൻ ആണെങ്കിൽ അദ്ദേഹം ആ െപയ്മെന്റ് എനിക്ക് തിരിച്ചു തരണം. ഞാൻ കൊടുത്ത വാടകയിലാണ് അദ്ദേഹം മറ്റുപല കഥകൾ കേട്ടത്. അപ്പോൾ ഇത് പറയുന്നത് മനഃപൂർവമാണ്. ഈ സിനിമയെ മനപ്പൂർവ്വം തകർക്കാനുള്ള ശ്രമമാണെന്നും വിനോദ് മംഗലത്ത് ആരോപിച്ചു.