തിരുവനന്തപുരം: മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് ഉണ്ണി മുകുന്ദനും മലപ്പുറത്തെ വ്ലോഗറും തമ്മിലുണ്ടായ തർക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. 30 മിനിറ്റിലേറെ നീണ്ടുനിന്ന വാക്കുതർക്കത്തിന്റെ ഓഡിയോ വ്‌ലോഗർ പുറത്തുവിട്ടിരുന്നു.

ഇതിൽ പലപ്പോഴും ഉണ്ണി മുകുന്ദൻ വ്ലോഗറെ മലയാളത്തിലും ഹിന്ദിയിലുമൊക്കെ തെറി വിളിക്കുന്നതാണുള്ളത്. സിനിമയെ വിമർശിച്ചതിനാണ് നടൻ തെറിവിളിച്ചതെന്നാണ് വ്ലോഗറുടെ വാദം.എന്നാൽ തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി വിമർശിച്ചതിനോടാണ് താൻ പ്രതികരിക്കുന്നതെന്നാണ് ഉണ്ണിമുകുന്ദൻ അഭിപ്രായപ്പെടുന്നത്.

പിന്നാലെ ഉണ്ണി മുകുന്ദൻ ശരിക്കും ഗുണ്ടയാണെന്നും തന്നെ വീട്ടിൽ കയറി തല്ലുമെന്ന് പറഞ്ഞുവെന്നും സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധേയനായ സന്തോഷ് വർക്കി പറയുകയുണ്ടായി. ഇപ്പോഴിതാ ബാലയും യൂട്യൂബറായ സീക്രട്ട് ഏജന്റും ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട സന്തോഷ് വർക്കിയും ചേർന്ന് നിൽക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഇതോടെ ഉണ്ണി മുകുന്ദന് നേരെയുണ്ടായ സൈബർ ആക്രമണങ്ങളും പ്രശ്നങ്ങളും കരുതിക്കൂട്ടി അരങ്ങേറിയതാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

ഉണ്ണിയെ തകർക്കാൻ എതിരാളികൾ ഒന്നിച്ച് എത്തിയിരിക്കുന്നതായും, മൂവരും കരുതിക്കൂട്ടി ഉണ്ണി മുകുന്ദന് പണികൊടുത്തതാണ് എന്ന് തുടങ്ങിയ ചർച്ചകളും സജീവമാകുകയാണ്. നേരത്തെ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്നം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ പ്രതിഫല തർക്കത്തിന്റെ പേരിലാണ് ബാല വാർത്തകളിൽ ഇടം നേടിയത്. പ്രതിഫലം തരാതെ ഉണ്ണി മുകുന്ദൻ തന്നെ പറ്റിച്ചുവെന്നാണ് ബാല പറഞ്ഞത്. പിന്നാലെ ആരോപണങ്ങളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു.