ന്യൂയോർക്ക്: സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചെങ്കിലും ഒട്ടും ആശ്വാസം നൽകുന്നതല്ല ഇന്ത്യൻ ബാറ്റിങ്ങ് നിരയുടെ ഫോം.മൂന്നു മത്സരത്തിലും ബാറ്റിങ്ങിലെ എല്ലാ ദൗർബല്യവും തുറന്നുകാട്ടിയായിരുന്നു ഇന്ത്യയുടെ പോക്ക്.ഇന്നലെയും സ്ഥിതി മറ്റൊന്നായിരുന്നില്ല.കോഹ്ലിയും രോഹിതും കഴിഞ്ഞ മത്സരത്തിലെ ഹീറോ ഋഷഭ് പന്തുമൊക്കെ വേഗം മടങ്ങിയപ്പോൾ സൂര്യകുമാറും ശിവം ദുബെയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ ജയിപ്പിച്ചത്. പക്ഷെ ആ കൂട്ടുകെട്ടും ഒരുഘട്ടം വരെ പതറുന്ന കാഴ്‌ച്ചയാണ് കണ്ടത്.വിക്കറ്റ് വീണില്ലെങ്കിലും റൺസെടുക്കാൻ രണ്ടുപേരും നന്നെ പാടുപെട്ടു.ക്യാച്ചുകൾ കൈവിട്ട യുഎസ് ഫീൽഡർമാരുടെ സഹായം കൂടിയില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഫലം മറ്റൊന്നായേനെ.

30 ബോളിൽ 35 എന്ന നിലയിൽ കുഴങ്ങിയ ഇന്ത്യക്ക് ഏറെ ആശ്വാസമായത് അപ്രതീക്ഷിതമായി കിട്ടിയ അഞ്ച് റൺസാണ്.ഇതോടെ ബാറ്റ്സമാന്മാരുടെ മേൽ ഉണ്ടായിരുന്നു സമ്മർദ്ദം അയയുകയായിരുന്നു.സത്യത്തിൽ ഐസിസിയുടെ ഒരു നിയമമാണ് ഇന്ത്യക്ക് ഇന്നലെ അനുകൂലമായത്. സ്‌കോർബോർഡിൽ ഇന്ത്യക്ക് ജയിക്കാൻ 30 ബോളിൽ 35 റൺസ് എന്ന് എഴുതിക്കാണിക്കുന്നു.അപ്പോഴാണ് അമ്പയർ അമേരിക്കൻ കാപ്റ്റനെ വിളിച്ച് സംസാരിക്കുന്നതും തുടർന്ന് സ്വന്തം തോളിൽ തട്ടി സിഗ്‌നൽ നൽകുന്നതും.അതോടെ സ്‌കോർ ബോർഡിൽ ഇന്ത്യക്ക് ജയിക്കാൻ 30 ൽ 30 എന്നായി. അടുത്തബോളിൽ രണ്ട് റൺസ് കൂടി ഓടിയെടുത്തതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി.

അമേരിക്കൻ ബൗളർമാർക്ക് സംഭവിച്ച വലിയൊരു പിഴവാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.നായകനെന്ന നിലയിൽ ആരോൺ ജോണിസിന്റെ പരിചയക്കുറവാണ് ഇന്ത്യയെ രക്ഷിച്ചതെന്ന് പറയാം.മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ് നിരയെ സമ്മർദ്ദത്തിലാക്കാൻ അമേരിക്കൻ ബൗളർമാർക്കായിരുന്നു. എന്നാൽ 16ാം ഓവറിലാണ് അമേരിക്കൻ ബൗളർമാരുടെ പിഴവ് ഇന്ത്യയെ സമ്മർദ്ദത്തിൽ നിന്ന് കരകയറ്റിയത്.ഇന്നിങ്സിൽ മൂന്നു തവണ പുതിയ ഓവർ ആരംഭിക്കാൻ യുഎസ്എ 60 സെക്കൻഡ് സമയം പിന്നിട്ടതിനെ തുടർന്നാണ് ഇന്ത്യയ്ക്ക് അധികമായി അഞ്ച് റൺസ് അനുവദിച്ചത്.

15 ഓവറിൽ ഇന്ത്യ 3 വിക്കറ്റിന് 76 റൺസെന്ന നിലയിലായിരുന്നു. ജയിക്കാൻ 30 പന്തിൽ 35 റൺസ് ഇന്ത്യക്ക് ആവശ്യമായിരുന്നു. എന്നാൽ 16ാം ഓവർ എറിയാനെത്തിയ ജസ്ദീപ് ഓവർ ആരംഭിക്കാൻ വൈകി. ഒരു മിനുട്ടിനുള്ളിൽ ബൗളർ ഓവർ ആരംഭിക്കേണ്ടതായുണ്ട്.എന്നാൽ മൂന്നാം തവണയും അമേരിക്കൻ ബൗളർമാർ ഓവർ ആരംഭിക്കാൻ ഒരു മിനുട്ടിൽ കൂടുതൽ സമയമെടുത്തു. ഇതോടെ 5 റൺസ് അമേരിക്കയ്ക്ക് പെനൽറ്റി വിധിച്ചു. ഇതോടെ ഇന്ത്യയുടെ വിജയ ലക്ഷ്യം 30 പന്തിൽ 30 റൺസായി മാറി.

ഈ ആനുകൂല്യം ലഭിച്ചതോടെ സമ്മർദ്ദം ഒഴിവായി കൂടുതൽ അനായാസം റൺസ് നേടാൻ സൂര്യകുമാർ യാദവിനും ശിവം ദുബെക്കുമായി. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്താൽ ഒരുപക്ഷെഈ പെനൽറ്റി റൺസ് വന്നില്ലായിരുന്നെങ്കിൽ സമ്മർദ്ദം നിലനിർത്താൻ അമേരിക്കയ്ക്ക് സാധിക്കുമായിരുന്നു.പുതിയ പെൽറ്റി നിയമപ്രകാരമാണ് യുഎസിനു പിഴ വിധിച്ചത്. തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ യുഎസ്എ ക്യാപ്റ്റൻ ആരോൺ ജോൺസ്, അംപയർമാരുമായി ദീർഘനേരം സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

അമേരിക്കൻ നായകന്റെ ശ്രദ്ധക്കുറവാണ് ഇത്തരത്തിൽ കളി കൈവിട്ടുപോകാൻ കാരണമായതെന്ന് പറയാം. സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങാണ് ഇന്ത്യയെ രക്ഷിച്ചത്. 49 പന്ത് നേരിട്ട് 2 ഫോറും സിക്‌സും ഉൾപ്പെടെ 50 റൺസോടെ സൂര്യകുമാർ പുറത്താവാതെ നിന്നു. 22 റൺസിൽ സൂര്യകുമാർ യാദവിനെ പുറത്താക്കാനുള്ള അവസരം അമേരിക്കയ്ക്ക് ലഭിച്ചതാണ്. എന്നാൽ സൗരഭ് നേത്രാവൽക്കർ ക്യാച്ച് പാഴാക്കിയതാണ് മാച്ച് വിന്നറാവാൻ സൂര്യകുമാറിനെ സഹായിച്ചത്.

സൂപ്പർ എട്ടിൽ കടന്നതോടെ ആദ്യമത്സരത്തിൽ ഓസ്ട്രേലിയയായിരിക്കും ഇന്ത്യയുടെ എതിരാളി എന്നു ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.രണ്ടുഗ്രൂപ്പുകളായി തിരിച്ച് മത്സരം നടക്കുന്ന സൂപ്പർ എട്ടിൽ ഓരോ ടീമിൽ നിന്നും 2 ടീമികളാണ് അടുത്ത റൗണ്ടിലേക്ക് കടക്കുക.