ബാങ്കോക്ക്: ഇരുപത്തിയഞ്ചാമത് ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ലോംഗ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.37 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ 2024 പാരീസ് ഒളിമ്പിക്സിനും ശ്രീശങ്കർ യോഗ്യത നേടി. ഒളിമ്പിക്സിന്റെ യോഗ്യതാ മാർക് 8.27 മീറ്ററായിരുന്നു. ഇത് താരം അനായാസം മറികടന്നു.

പാരീസ് ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഫീൽഡ് അത്‌ലറ്റാണ് എം ശ്രീശങ്കർ. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ശ്രീശങ്കറിന്റെ ആദ്യ മെഡലാണിത്. മത്സരത്തിൽ ശ്രീശങ്കറിന്റെ അഞ്ച് ചാട്ടങ്ങളും എട്ട് മീറ്റർ കടന്നിരുന്നു.

ഈയിനത്തിൽ 8.40 മീറ്റർ ദൂരവുമായി ചൈനീസ് തായ്‌പേയുടെ യു ടാങ് ലിന്നാണ് സ്വർണം. 8.08 മീറ്ററുമായി ചൈനയുടെ മിൻഗുൻ യാങ് വെള്ളി കരസ്ഥമാക്കി. മീറ്റിൽ അഞ്ച് ശ്രമങ്ങളിലും 8 മീറ്റർ പിന്നിടാൻ ശ്രീശങ്കറിനായി. മുമ്പ് കോമൺവെൽത്ത് ഗെയിംസിൽ മലയാളി താരം വെള്ളി നേടിയിരുന്നു.

മെഡൽ നേട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എം ശ്രീശങ്കറിനെ അഭിനന്ദിച്ചു. 'ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേടിയ എം ശ്രീശങ്കറിന് അഭിനന്ദനങ്ങൾ. ഈ പ്രകടനത്തോടെ 2024ലെ പാരീസ് ഒളിംപിക്‌സിനുള്ള യോഗ്യത കൂടി നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീശങ്കർ. ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു'- എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.