ബംഗളൂരു: ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയുടെ വിതരണക്കാരുടെ വേഷമിട്ട് ഫ്‌ളാറ്റുകളിൽ ലഹരി മരുന്നുകൾ എത്തിച്ചിരുന്ന ഒൻപത് പേർ പിടിയിൽ. ബംഗളൂരുവിൽ നിന്നും ഹൈദരാബാദിൽ നിന്നുമാണ് ഇവർ പിടിയിലായത്. എല്ലാവരും കർണാടക ആന്ധ്ര സ്വദേശികളാണ്.

നിരോധിത ലഹരി വസ്തുക്കൾ, മുന്തിയ ഇനം കഞ്ചാവ് അടക്കം ഇവരിൽ നിന്ന് പിടിച്ചെടുത്തു. സ്വിഗ്ഗി വിതരണക്കാരുടെ യൂണിഫോം ധരിച്ച് ബൈക്കുകളിൽ കറങ്ങിയായിരുന്നു ലഹരിമരുന്ന് വിതരണം.

ബംഗളൂരുവിലെയും ഹൈദരാബാദിലെയും ഫ്‌ളാറ്റുകളിലെത്തിയാണ് ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. ബംഗളൂരുവിലെ ഒരു ഫ്‌ളാറ്റിൽ ലഹരിമരുന്ന് എത്തിക്കുന്നതിനിടെയാണ് പ്രധാന ഇടനിലക്കാരൻ എൻസിബിയുടെ പിടിയിലായത്. എംഡിഎംഎ ഗുളികകൾ, ഹാഷിഷ് ഓയിൽ അടക്കം പിടിച്ചെടുത്തിട്ടുണ്ട്.

നഗരത്തിന്റെ വിവിധയടങ്ങളിൽ നിന്ന് ഏഴ് പേരും പിന്നീട് കസ്റ്റിഡിയിലായി. എട്ട് ബോക്‌സുകളിലായി 137 കിലോ മുന്തിയ ഇനം കഞ്ചാവും പിടിച്ചെടുത്തു. ലഹരി വിതരണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് മാരുതി വാനുകൾ, ആറ് ബൈക്കുകളും എന്നിവയും കണ്ടെടുത്തു. ഹൈദരാബാദിൽ നിന്ന് രണ്ട് പേർ കൂടി പിടിയിലായിട്ടുണ്ട്.

സിനിമാ സീരിയിൽ താരങ്ങളുടെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ലഹരി വിതരണമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കന്നഡ സിനിമാ താരം രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, ചാർമ്മി കൗർ, രാകുൽ പ്രീത് സിങ്ങ് എന്നിവരുടെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് എൻസിബി വീണ്ടും പരിശോധന നടത്തി.