മോസ്‌കോ: റഷ്യയിൽ പാരച്യൂട്ട് അഭ്യാസികളുമായി യാത്രതിരിച്ച ചെറുവിമാനം തകർന്നുവീണ് 16 പേർ മരിച്ചു. 22 പേരുമായി യാത്ര ചെയ്ത എൽ-410 വിമാനമാണ് പ്രദേശിക സമയം രാവിലെ 9.23ന് ടാറസ്ടാനിന് മുകളിലൂടെ പറക്കുമ്പോൾ തകർന്നു വീണതതെന്ന് സർക്കാർ അധികൃതർ വ്യക്തമാക്കി. ആറ് പേരെ രക്ഷപ്പെടുത്തി. അപകടത്തിന്റെ ചിത്രങ്ങൾ സർക്കാർ പുറത്തുവിട്ടു.

മെൻസെലിൻസ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകർന്നു വീണതെന്ന് അധികൃതരെ ഉദ്ധരിച്ച് ആർഐഎ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് ഇടയിൽനിന്ന് ആറുപേരെ രക്ഷപ്പെടുത്തി. 16 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

പാരച്യൂട്ടിങ് ക്ലബിന്റെ ഉടമസ്ഥതിയിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാരച്യൂട്ടിസ്റ്റുകളാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ടാറ്റർസ്റ്റാൻ തലവൻ റുസ്തം മിന്നിഖനോവ് സംഭവ സ്ഥലത്തെത്തി. സൈന്യത്തെ വുമായി ബന്ധപ്പെട്ട വളന്ററി സൊസൈറ്റിയായാണ് ഇവർ പ്രവർത്തിക്കുന്നത്. സ്പോർട് ആൻഡ് ഡിഫൻസ് ഓർഗനൈസേഷൻ എന്നാണ് അറിയപ്പെടുന്നത്.

പാരച്യൂട്ടിങ് ക്ലബ്ബിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ലോകത്തെ മികച്ച ക്ലബുകളിലൊന്നാണിതെന്നും അധികൃതർ പറഞ്ഞു. ബഹിരാകാശ പ്രവർത്തകരുടെ പരിശീലനത്തിനും ഉപയോഗിക്കാറുണ്ട്. റഷ്യയിലെ വ്യോമഗതാഗതത്തെക്കുറിച്ചും വിമാനങ്ങളെക്കുറിച്ചും നേരത്തെയും പരാതിയുണ്ടായിരുന്നു.

അപകടത്തിൽപ്പെട്ട വിമാനം രണ്ടായി പിളർന്നു. റഷ്യയിൽ ഈ വർഷംതന്നെ രണ്ട് എൽ 410 വിമാനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന രണ്ട് എൻജിനുള്ള വിമാനമാണിത്.