ആലപ്പുഴ: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിടുംമുമ്പേ അപകടങ്ങളുടെ പറുദീസയായി ആലപ്പുഴ ബൈപ്പാസ്. ചെറുതും വലുതുമായി നിരവധി ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.ശനിയാഴ്‌ച്ച കാറും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.ഹരിപ്പാട് കാട്ടുപറമ്പിൽ പടീറ്റതിൽ രാജശേഖരൻപിള്ള (66) മകൾ രേവതി(38) എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഓടിച്ചിരുന്നത് രേവതിയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

രേവതിയുടെ പരിക്ക് ഗുരുതരമാണെന്ന് അറിയുന്നത്. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ മണിക്കുറുകളുടെ ശ്രമഫലമായാണ് ഫയർഫോഴ്സും ആലപ്പുഴ സൗത്ത് പൊലീസും മറ്റ് വാഹനങ്ങളിലെത്തിയവരും ചേർന്ന് പുറത്തെടുത്തത്.പരിക്കേറ്റ ഇരുവരെയും ആദ്യംആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് എറുണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വിദേശത്തേയ്ക്ക് പോകുന്ന രേവതിയുടെ ഭർത്താവ് അനിൽകുമാറിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വിട്ട ശേഷം തിരികെ വരുമ്പോൾ ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. അപകട വിവരമറിഞ്ഞ് അനിൽകുമാർ വിദേശത്തേയ്ക്കുള്ള യാത്ര റദ്ദാക്കി എറണാകുളത്തെ ആശുപത്രിയിലെത്തി.

ആലപ്പുഴ ബൈപ്പാസിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇരുചക്രവാഹനങ്ങളാണ് അധികവും അപകടത്തിൽപ്പെടുന്നത്. ബെപ്പാസ് ഉദ്ഘാടന ദിനത്തിൽ തന്നെ ഒരു ലോറി ടോൾ പ്ലാസ ഇടിച്ചു തകർത്തിരുന്നു.ഓടിക്കൊണ്ടിരിക്കെ ബൈപ്പാസിൽ കാർ കത്തിയ സംഭവം ആഴ്ചകൾക്ക് മുമ്പാണ്.

ഡ്രൈവർമാരുടെ ആശ്രദ്ധയാണ് അപകട കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.എലിവേറ്റഡ് ഹൈവേയിലൂടെ പോകുമ്പോൾ കടലിന്റെ മനോഹാരിത ആസ്വാദിക്കാമെന്നതിനാൽ പലരുടെയും ശ്രദ്ധ ഡ്രൈവിങ്ങിൽ നിന്ന് മാറി അങ്ങോട്ടേക്കാവുകയും ഇത്തരം സംഭവങ്ങൾ അപകടത്തിലേക്ക് വഴിവെക്കുന്നതായും പൊലീസ് പറയുന്നു.