തിരുവനന്തപുരം: കെ.എസ്.യു പ്രവർത്തകനായിരുന്ന കാലത്ത് അടിയുറച്ച ആന്റണി ഭക്തനായിരുന്നു എകെ ശശീന്ദ്രൻ. വയലാർ രവിയും എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും കടന്നപ്പള്ളിയുമൊക്കെ നയിക്കുന്ന യുവതുർക്കികൾക്കൊപ്പമായിരുന്നു മനസും ശരീരവും. എന്നാൽ. എന്നാൽ ഇടതുമുന്നണിയിലേയ്ക്ക് ഒപ്പം വന്നവരെല്ലാം പലപ്പോഴായി മടങ്ങിയിട്ടും ഇടതുപക്ഷത്ത് ഉറച്ചു നിന്ന കോൺഗ്രസുകാരനായി ശശീന്ദ്രൻ മാറി.

കെഎസ്‌യു സംസ്ഥാന സെക്രട്ടറിയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന ശശീന്ദ്രൻ 1978 ലെ കോൺഗ്രസ് പിളർപ്പിൽ എ.കെ. ആന്റണിക്കൊപ്പമാണ് ഇടതുപക്ഷത്തെത്തി. 80ൽ പെരിങ്ങളത്തുനിന്ന് ജയം. 1981 ൽ ഇടതുമുന്നണിക്കുള്ള പിന്തുണ പിൻവലിക്കാനുള്ള ആന്റണിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്ന ആറ് എംഎൽഎമാരിൽ ശശീന്ദ്രനുമുണ്ടായിരുന്നു. അവരിൽ പി.സി. ചാക്കോയടക്കം പലരും കോൺഗ്രസിലേക്കു മടങ്ങിയെങ്കിലും ശശീന്ദ്രൻ ഇടതുപക്ഷത്തു തന്നെ തുടർന്നു.

1982 ൽ കോൺഗ്രസ് എസ് സ്ഥാനാർത്ഥിയായി എടക്കാട്ട് ജയം. 1987 ലും 91 ലും കണ്ണൂരിൽ പരാജയം. 2001 ൽ കോൺഗ്രസ് (എസ്) എൻസിപിയിൽ ലയിച്ചു. പിന്നീടു രാമചന്ദ്രൻ കടന്നപ്പള്ളി എൻസിപി വിട്ട് കോൺഗ്രസ് (എസ്) പുനരുജ്ജീവിപ്പിച്ചെങ്കിലും ശശീന്ദ്രൻ പോയില്ല. 2006 ൽ ബാലുശ്ശേരിയിൽനിന്നും തുടർന്ന് എലത്തൂരിൽ നിന്നും നിയമസഭയിലെത്തി. ഇത്തവണ പാല വിവാദത്തിൽ യുഡിഎഫിലേയ്ക്ക് പോകാൻ വെമ്പൽ കൊണ്ട എൻസിപി നേതൃത്വത്തെ തിരുത്തി ഇടതുമുന്നണിയിൽ തന്നെ പിടിച്ചുനിർത്തിയതും ശശീന്ദ്രനായിരുന്നു.

കഴിഞ്ഞ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു. ഹണി ട്രാപ് വിവാദത്തെത്തുടർന്നു രാജിവച്ചെങ്കിലും കുറ്റക്കാരനല്ലെന്നു തെളിയിച്ചു മടങ്ങിയെത്തി. ആ കേസ് ഉപയോഗപ്പെടുത്തി ഇത്തവണ ശശീന്ദ്രനെ മാറ്റി നിർത്താൻ എൻസിപിയിലെ ഒരു വിഭാഗം ശ്രമിച്ചപ്പോഴും ദേശീയ നേതൃത്വം ശശീന്ദ്രനൊപ്പമായിരുന്നു. രണ്ടരക്കൊല്ലം ഊഴം വച്ച് മന്ത്രിയാകാമെന്ന നിർദ്ദേശവും വിലപ്പോയില്ല. സിപിഎം നേതൃത്വത്തിനും പിണറായി വിജയനും വിശ്വസ്തനാണ് ശശീന്ദ്രൻ. അതിനുള്ള ഉപഹാരം കൂടിയാണ് അഞ്ച് വർഷത്തെ മന്ത്രിസ്ഥാനവും. കണ്ണൂർ മേലേ ചൊവ്വ സ്വദേശിയാണ്. ഭാര്യ: അനിത കൃഷ്ണൻ. മകൻ: വരുൺ ശശീന്ദ്രൻ.