ആലപ്പുഴ: ടിപ്പറിനടിയിലേക്ക് ഓട്ടോ ഇടിച്ചുകയറി ഓട്ടോ ഡ്രൈവർ മരിച്ചു. ആലപ്പുഴ പള്ളാത്തുരുത്തി ഒന്നാം വാർഡിനു സമീപമാണു സംഭവം. കോട്ടയം ചിങ്ങവനം സ്വദേശിയാണു മരിച്ചതെന്നാണു വിവരം. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിക്കു ഗുരുതര പരുക്കുണ്ട്. യാത്രക്കാരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുന്നിൽ പോയ വാഹനത്തിൽനിന്നു പടുത പറന്ന് ഓട്ടോറിക്ഷയ്ക്കു മേൽ വീണു ഡ്രൈവറുടെ കാഴ്ച മറയുകയായിരുന്നു. പിന്നാലെ ഓട്ടോ എതിരെ വന്ന ടിപ്പറിനടിയിലേക്കു കയറുകയായിരുന്നു. പടുത വീണത് ഏതു വാഹനത്തിൽനിന്നാണെന്നു വ്യക്തമല്ല.