കൊച്ചി: നടൻ ബാലയ്‌ക്കെതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തും. ബാലയുടെ ചാരിറ്റി സ്ഥാപനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. മോൻസൺ മാവുങ്കലിന്റെ പിന്തുണയോടെയാണോ ചാരിറ്റി പ്രസ്ഥാനം ബാല നടത്തിയതെന്ന സംശയം കേന്ദ്ര ഏജൻസികൾക്കുണ്ട്. വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയോ എന്നും പരിശോധിക്കും. അതിനിടെ പുതിയ രജനി ചിത്രത്തിന്റെ ക്ലൈമാക്‌സും ബാല പൊളിച്ചു. ഇന്നലെ മലയാളം ചാനലിൽ നിന്ന ചർച്ചകളിൽ എല്ലാം സിനിമയുടെ കാതൽ ബാല തുറന്നു പറഞ്ഞു.

അതിനിടെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലുമായി നടൻ ബാലയ്ക്ക് അടുത്ത ബന്ധമെന്ന് ഗായിക അമൃത സുരേഷിന്റെ അഭിഭാഷകൻ പ്രേം രാജ് ആരോപിച്ചു. ബാലയും അമൃതയും തമ്മിലുള്ള വിവാഹമോചനത്തിൽ മോൻസൻ ഇടപെട്ടെന്നും ഇയാളുടെ കലൂരുള്ള വീട്ടിൽ വച്ചാണ് മധ്യസ്ഥ ചർച്ച നടന്നതെന്നും പ്രേം രാജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികളും ഇടപെടുന്നത്. ഇന്നലെ റിപ്പോർട്ടർ ചാനൽ ചർച്ചയിൽ നികേഷ് കുമാറിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ ബാല പകച്ചിരുന്നു. പല നിർണ്ണായക വിവരങ്ങളും ബാല പറഞ്ഞിരുന്നില്ല.

അമൃതയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തലും നിർണ്ണായകമാണ്. മോൻസനെതിരെ പരാതി നൽകിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് വീട്ടിൽ ഉണ്ടായിരുന്നു. ബാലയ്ക്ക് വേണ്ടി അനൂപായിരുന്നു അന്ന് സംസാരിച്ചതെന്നും പ്രേം രാജ് പറഞ്ഞു.കുടുംബ കോടതിയിൽ ഇത് സംബന്ധിച്ച കേസ് നടന്നപ്പോൾ ബാല എത്തിയത് മോൻസന്റെ കാറിലായിരുന്നെന്നും പ്രേം രാജ് പറയുന്നു. അനൂപാണ് അന്ന് കാർ ഓടിച്ചിരുന്നത്. ഇരുവരുമായി ബാലയ്ക്ക് വലിയ സൗഹൃദമുണ്ടെന്നും പ്രേം രാജ് പറഞ്ഞു.

ഇന്നലെ ചാനൽ ചർച്ചയിൽ മോഹൻലാലിന് പോകാമെങ്കിൽ തനിക്ക് എന്തുകൊണ്ട് മോൻസണിന്റെ വീട്ടിൽ പൊയ്ക്കൂടാ എന്ന ചർച്ചയാണ് ബാല ഉയർത്തിയത്. എന്നാൽ മോൻസണുമായി നേരത്തെ താങ്കൾ പിണങ്ങിയിരുന്നില്ലേ എന്ന ചോദ്യവുമായി നികേഷ് എത്തി. തെറ്റു ചെയ്താൽ പിണങ്ങും തിരുത്തിയാൽ പൊറുക്കും ഇതാണ് ബാലയെന്നും പറഞ്ഞു. സ്വർണ്ണാഭരണങ്ങൾ മോൻസൺ നൽകിയില്ലേ.. അത് ബാങ്കിൽ കൊണ്ടു പോയപ്പോൾ മുക്കുപണ്ടമല്ലേ എന്ന് മനസ്സിലായില്ലേ... ഇതായിരുന്നു നികേഷിന്റെ ചോദ്യം. താങ്കൾ ഇങ്ങനെ ചോദിക്കാമോ എന്നായിരുന്നു നികേഷിനോടുള്ള ബാലയുടെ അഭ്യർത്ഥന.

വ്യാജ സർണ്ണാഭരണങ്ങൾ തന്ന് കബളിപ്പിച്ച വ്യക്തിയായിട്ടും എന്തിന് പിന്നേയും സഹകരിച്ചുവെന്ന നികേഷിന്റെ ചോദ്യത്തിന് മുമ്പിൽ ബാല പകച്ചു. ഇതിനൊപ്പമാണ് പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ ചേർത്തല സ്വദേശി മോൻസണുമായി സൗഹൃദം ഉണ്ടായിരുന്നതായി നടൻ ബാല സമ്മതിച്ചിട്ടുണ്ട്.. ''കൊച്ചിയിൽ താമസിച്ചിരുന്നപ്പോൾ അയൽവാസിയായിരുന്നു. ജീവകാരുണ്യ പ്രവൃത്തികൾ കണ്ടാണ് ആകൃഷ്ടനായത്. തട്ടിപ്പ് നടത്തുന്ന ഒരാളായി തോന്നിയിട്ടില്ല. മറ്റുള്ളവരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചുകൊടുക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല,'' -ഇതാണ് ബാലയുടെ നിലപാട്.

ബാലയും മോൻസണിന്റെ ഡ്രൈവർ അജിത്തും ഒരു കേസുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു. മോൻസണെതിരെ അജിതുകൊടുത്തിരുന്ന കേസ് പിൻവലിക്കണമെന്ന് ബാല ആവശ്യപ്പെട്ടിരുന്നു. നാല് മാസം മുൻപ് നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് താൻ ശ്രമം നടത്തിയതെന്നും ബാല സ്ഥിരീകരിച്ചു.

''മോൻസൺ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ശേഷം അജിത് ബന്ധപ്പെട്ടിരുന്നു. ശമ്പളം നൽകിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. മോൻസണും അജിത്തും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനാണ് ഞാൻ ശ്രമിച്ചത്. സന്തോഷത്തോടെ മുന്നോട്ട് പോകാൻ ഇരുവരോടും ആവശ്യപ്പെട്ടു. അതിൽ കൂടുതലായൊന്നും ഞാൻ ചെയ്തിട്ടില്ല. തെറ്റുകരാനാണെങ്കിൽ ശിക്ഷിപ്പെടട്ടെ,'' ബാല കൂട്ടിച്ചേർത്തു. അടുത്തിടെ നടന്ന ബാലയുടെ വിവാഹത്തിൽ മോൻസൺ അതിഥിയായി എത്തിയിരുന്നു.