കണ്ണൂർ: തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കണ്ണുരിലെ നാല് മണ്ഡലങ്ങളിൽ മറ്റൊരു മത്സരം കൂടി .ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നാലു മണ്ഡലങ്ങളിലാണ് വ്യത്യസ്തത മുന്നണിതാൽപ്പര്യങ്ങളുള്ളവർ ഫലപ്രവചന പന്തയത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ഇനി മൂന്നാഴ്‌ച്ച മാത്രം ബാക്കി നിൽക്കെ നാടും നഗരവും പന്തയച്ചൂടിലാണ്.

കണ്ണൂർ, അഴീക്കോട്, ' ഇരിക്കൂർ ,പേരാവൂർ എന്നീ മണ്ഡലങ്ങളുടെ പേരിലാണ് പന്തയം നടക്കുന്നത്.ഇവിടെങ്ങളിലെ ഫല സാധ്യതകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയത്തിനതീതമായി 'സൗഹൃദമുള്ളവർ തമ്മിൽ നടത്തുന്ന വാക്‌പോരുകളാണ് പന്തയങ്ങളിൽ കലാശിക്കുന്നത്. ഓട്ടോ തൊഴിലാളികൾ, ലോട്ടറി വിൽപ്പനക്കാർ, വ്യാപാരികൾ, മത്സ്യ വിൽപ്പനക്കാർ തുടങ്ങി ഉദ്യോഗസ്ഥന്മാരും ബിസിനസുകാരും ഐടി പ്രൊഫഷനലുകൾ വരെ ഈ പന്തയത്തിൽ ഭാഗമാകുന്നുണ്ട്. ഏറ്റവും കൂടുതൽ പന്തയം നടക്കുന്നത് കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഇരിക്കൂറിലാണ്.

യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫ് ഇവിടെ പതിനായിരത്തോളം വോട്ടിന് ജയിക്കുമെന്ന് യുഡിഎഫ് ക്യാമ്പുകൾ പ്രത്യാശ പ്രകടിപ്പിക്കുമ്പോൾ പതിറ്റാണ്ടുകളായി യുഡിഎഫ് കൈവശംവെച്ച ഇരിക്കൂർ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പുകൾ. ഇതാണ് പ്രവർത്തകർ തമ്മിലുള്ള പന്തയങ്ങളിൽ കലാശിക്കുന്നത്.

1000 രൂപ മുതൽ ലക്ഷം വരെ പന്തയ തുക വെച്ച് ഇവർ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇതു. കൂടാതെ മദ്യം, കോഴി, തല മൊട്ടയടിക്കൽ, മീശ വടിക്കൽ മുതൽ പലവിധ പന്തയങ്ങളുമുണ്ട്. പന്തയങ്ങൾ മുറുകിയതോടെ പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റത്തിൽ പലപ്പോഴും ഇത് എത്തിച്ചേരാറുണ്ട്. ഫലപ്രഖ്യാപനം വരാൻ ഇനിയും ആഴ്ചകൾ കാത്തിരിക്കണമെന്ന സാഹചര്യത്തിൽ കൂടുതൽ പന്തയങ്ങൾക്കും വാക്‌പോരുകൾക്കും ഇത് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട് ഇതു.

കൂടാതെ ഏതു മുന്നണി അധികാരത്തിൽ വരുമെന്നത് സംബന്ധിച്ചും വാശിയേറിയ പന്തയങ്ങൾ നടക്കുന്നുണ്ട്. കണ്ണൂർ ജില്ലയ്ക്ക് പുറത്ത് നേമത്തും മഞ്ചേശ്വരത്തും തങ്ങൾ വിജയിക്കുമെന്ന് ഉറപ്പിച്ച് എൻ.ഡി.എ അനുഭാവമുള്ളവരും പന്തയം പിടിക്കുന്നുണ്ട്. എന്തു തന്നെയായാലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ആരു ജയിക്കുമെന്ന് പൂർണമായി വിശ്വാസമില്ലാത്തതിന്റെ ആകാംക്ഷയിൽ നിന്നാണ് ഇത്തരം പന്തയ മത്സരങ്ങൾ ഉടലെടുക്കുന്നത്. എന്നാൽ ഈ പന്തയങ്ങളും പിന്നീട് രാഷ്ട്രീയാതിക്രമങ്ങളിലേക്ക് കലാശിക്കാതിരിരിക്കട്ടെയെന്ന പ്രാർത്ഥനയിലാണ് കണ്ണൂരുകാർ.