പാലക്കാട്: പാലക്കാട് നഗരത്തിൽ അഭ്യാസ പ്രകടനം നടത്തിയ സ്‌കൂട്ടർ യാത്രികന്റെ ലൈസൻസ് റദ്ദാക്കും. അലക്ഷ്യമായി വാഹനങ്ങൾ മറികടന്ന യുവാവ് ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ട സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സംഭവത്തിൽ പരുത്തുപ്പുള്ളി സ്വദേശി ആദർശിനെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പാലക്കാട് നഗരത്തിലെ എസ്.ബി.ഐ ജങ്ഷനിലാണ് യുവാവ് യുവതിയെ ഇടിച്ചിട്ടത്. പിന്നിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

സ്‌കൂട്ടർ യാത്രികയെ ഇടിച്ചിട്ടെന്ന് മനസ്സിലായിട്ടും യുവാവ് വാഹനം നിർത്താതെ യാത്ര തുടരുകയായിരുന്നു. തുടർന്ന് കാർയാത്രികൻ മൊബൈലിൽ പകർത്തിയ അപകടയാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് യുവാവിനെ തേടി ട്രാഫിക് പൊലീസ് ഇറങ്ങിയത്. ആദർശിനെ തിരിച്ചറിഞ്ഞ പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തു. ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് ശിപാർശ നൽകുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.