അഗർത്തല: തൃപുരയിൽ ബിജെപിയെ ഞെട്ടിച്ചു സഖ്യകക്ഷിയുടെ മറുകണ്ടം ചാട്ടം. സഖ്യക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് തൃപുര(ഐപിഎഫ്ടി)യാണ് മുന്നണി വിട്ടത്. പ്രത്യേക സംസ്ഥാനം എന്ന ആവശ്യമുയർത്തി ഐപിഎഫ്ടി പ്രദ്യോത് മാണിക്യ ദേബിന്റെ നേതൃത്വത്തിലുള്ള തൃപുര റോയലുമായി ചേർന്ന പുതിയ കൂട്ടുകക്ഷിക്ക് രൂപം നൽകി. രണ്ട് പാർട്ടികളും ഒരുമിച്ച് വരുന്ന ട്രൈബൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇരുപാർട്ടികളുടേയും നേതാക്കൾ അറിയിച്ചു. കഴിഞ്ഞ വർഷം മെയ് 17നാണ് ട്രൈബൽ തെരഞ്ഞെടുപ്പുകൾ നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെയ്ക്കുകയായിരുന്നു.

ബിജെപി സഖ്യകക്ഷി തൃപുര റോയലുമായി ചേർന്ന് സഖ്യമുണ്ടാക്കിയതായി പ്രദ്യോത് മാണിക്യ ദേബ് തന്നെയാണ് ഒരു ട്വീറ്റിലൂടെ അറിയിച്ചത്. പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ മുതലായ വിഷയങ്ങളിലുണ്ടായ ആശയഭിന്നതകളെത്തുടർന്ന് രണ്ട് വർഷം മുൻപാണ് പ്രദ്യോതിന്റെ പാർട്ടി കോൺഗ്രസിൽ നിന്നും അകന്നത്. പ്രദ്യോതിന്റെ ഈ പുതിയ നീക്കം തൃപുരയിലെ ബിജെപിക്ക് കനത്ത ആഘാതമായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മറ്റ് ചില പ്രാദേശിക പാർട്ടികൾ കൂടി വരുംദിവസങ്ങളിൽ പ്രദ്യോത് മാണിക്യ ദേബിനൊപ്പം ചേരുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇവർ ഒരുമിച്ച് ചേർന്ന് പ്രത്യേക സംസ്ഥാനത്തിനുള്ള ആവശ്യമുയർത്തുമെന്നാണ് വിവിരം. ഗോത്രവിഭാഗങ്ങൾക്കായി പ്രത്യേക സംസ്ഥാനം എന്ന ഇവരുടെ ആവശ്യത്തിന് ജനങ്ങൾക്കിടയിൽ നിന്നും നല്ല പിന്തുണ ലഭിച്ചുവരികയാണ്. ഇത് ട്രൈബൽ തെരഞ്ഞെടുപ്പിൽ ഈ കൂട്ടുകക്ഷിക്ക് ഗുണകരമാകുമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ഉരുത്തിരിഞ്ഞുവന്ന ഈ പുതിയ സാഹചര്യം ബിജെപിക്ക് തൃപുരയിൽ കനത്ത തിരിച്ചടിയാകും.