കോഴിക്കോട്: കൊയിലാണ്ടിയിലെ ഫ്രീലാൻസ് മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ബൈജു എം പീസിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി സിഐ സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്. കൊയിലാണ്ടി സ്റ്റേഡിയത്തിന് മുകളിൽ സ്റ്റുഡിയോയും മീഡിയാ ഓഫീസും ഒന്നിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബൈജു എം പീസിന്റെ ഓഫീസ്. ഈ ഓഫീസ് തുറന്നു വെച്ചു എന്ന കാരണത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

മാധ്യമപ്രവർത്തകനാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പകർച്ചവ്യാധി നിരോധന നിയമ പ്രകാരം കേസെടുക്കുകയായിരുന്നുവെന്ന് ബൈജു വ്യക്തമാക്കി. കൊയിലാണ്ടി പൊലീസ് ഉൾപ്പെടെ അടിയന്തര ഘട്ടങ്ങളിൽ ബൈജു എംപീസിന്റെ സേവനമാണ് ഉപയോഗിക്കപ്പെടുത്താറുള്ളത്. പൊലീസിന്റെ പരിപാടികളുടെ ഫോട്ടോയും വാർത്തകളും മാധ്യമങ്ങൾക്ക് നൽകുന്നതും ഇദ്ദേഹം തന്നെയാണ്.

പൊലീസ് നെല്യാടിയിലെ വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയുടെയും പിങ്ക് പൊലീസ് നടത്തിയ സേവന പ്രവർത്തനത്തിന്റെയും ഫോട്ടോ എടുത്തത് ബൈജു ആയിരുന്നു. ഈ പടങ്ങളും ഫോട്ടോയും മാധ്യമങ്ങൾക്ക് നൽകാനായി ഓഫീസ് തുറന്നപ്പോഴാണ് തനിക്കെതിരെ കേസെടുത്തതെന്ന് ബൈജു വ്യക്തമാക്കുന്നു.

കൊയിലാണ്ടി മോർച്ചറിയിലെത്തുന്ന മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യുന്ന വേളയിൽ ആശുപത്രി അധികൃതരും പൊലീസും ബൈജുവിന്റെ സേവനമാണ് വർഷങ്ങളായി ഉപയോഗപ്പെടുത്താറുമുള്ളത്. കൊയിലാണ്ടിയിലെ ജനകീയനായ ഫോട്ടോഗ്രാഫർക്കും മാധ്യമപ്രവർത്തകനുമെതിരെയുള്ള നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

പത്ര-മാധ്യമങ്ങൾക്ക് ഫോട്ടോ എടുക്കുന്ന ബൈജു എംപീസിനെതിരെ കാരണമില്ലാതെ കോവിഡ് ആക്റ്റു പ്രകാരം കേസ്സെടുത്ത കൊയിലാണ്ടി സിഐയുടെ നടപടിയിൽ സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ അജിത് പ്രതിഷേധിച്ചു.സംഭവ ദിവസം പൊലീസ് വ്യാജമദ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയുടെയും പിങ്ക് പൊലീസ് നടത്തിയ സേവന പ്രവർത്തനത്തിന്റെയും ഫോട്ടോകൾ പത്രങ്ങൾക്കു നൽകുന്നതിന് തന്റെ സ്ഥാപനം തുറന്നപ്പോഴാണ് സി ഐ എത്തി കേസെടുത്തത്. സംഭവം വ്യക്തമാക്കിയെങ്കിലും ഇദ്ദേഹം അതൊന്നും അംഗീകരിച്ചില്ല.

തെരഞ്ഞെടുപ്പു കാലത്ത് സ്ഥലം മാറി വന്നതാണ് ഇദ്ദേഹം.സംഭവത്തെ കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന് ഇ കെ അജിത് ആവശ്യപ്പെട്ടു. നടപടിയിൽ സി പി എം, ഡി വൈ എഫ് ഐ, എ ഐ വൈ എഫ്, ബിജെപി, യുവമോർച്ച, യൂത്ത് കോൺഗ്രസ്, ജനതാ ദൾ എസ് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.