ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം സെമി ഫൈനലിൽ. പൂൾ എ യിലെ മത്സരത്തിൽ കാനഡയെ കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ അവസാന നാലിലെത്തിയത്. പുരുഷന്മാരുടെ 109 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്പ്രീത് സിങ് വെങ്കലം നേടിയതിനു പിന്നാലെയാണ് ഹോക്കിയിൽ വനിതകൾ സെമയിൽ എത്തിയത്.
രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. നാലാം ക്വാർട്ടറിലാണ് ഇന്ത്യ വിജയഗോൾ നേടിയത്. ഒരു ഘട്ടത്തിൽ രണ്ട് ഗോളിന് മുന്നിൽ നിന്ന് ഇന്ത്യ പിന്നീട് രണ്ട് ഗോളുകൾ വഴങ്ങി സമനിലയിലായി. മികച്ച പ്രകടനമാണ് കാനഡയും പുറത്തെടുത്തത്.

ഇന്ത്യയ്ക്ക് വേണ്ടി സലിമ, നവ്നീത് കൗർ, ലാൽറെംസിയാമി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ കാനഡയ്ക്ക് വേണ്ടി ബ്രിയന്നി സ്റ്റെയേഴ്സ്, ഹന്ന ഹോൺ എന്നിവർ ഗോളടിച്ചു. നാലാം ക്വാർട്ടറിൽ 51-ാം മിനിറ്റിൽ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.

ഈ വിജയത്തോടെ പൂൾ എ യിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആതിഥേയരായ ഇംഗ്ലണ്ടാണ് പൂൾ എ യിൽ ഒന്നാമത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ച് സെമി ഫൈനലിന് യോഗ്യത നേടുകയായിരുന്നു.

48 കിലോ ഗ്രാം ബോക്‌സിങ്ങിൽ ഇന്ത്യയുടെ നിതു ഗംഗസ്സ് സെമിഫൈനലിൽ പ്രവേശിച്ചു. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ നിതുവും മെഡൽ ഉറപ്പിച്ചു. അതേ സമയം കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൻ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ സഫലമാക്കാനായില്ല. നാലു വർഷങ്ങൾക്ക് മുമ്പ് നേടിയ സ്വർണം ഇന്ത്യയ്ക്ക് ഇത്തവണ നിലനിർത്താനായില്ല. കലാശപ്പോരിൽ മലേഷ്യയോട് 1-3ന് പരാജയപ്പെട്ട ഇന്ത്യൻ ടീമിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നാലു വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയ്ക്ക് മുന്നിൽ അടിയറ വെച്ച സ്വർണം മലേഷ്യൻ ടീം തിരികെ പിടിച്ചു.

സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി ഡബിൾസ് സഖ്യത്തിന്റെയും സിംഗിൾസിൽ കിഡംബി ശ്രീകാന്തിന്റെയും തോൽവികളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കലാശപ്പോരിലെ ആദ്യ പോരാട്ടത്തിൽ ലോക ഏഴാം നമ്പറുകാരായ സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി ഡബിൾസ് സഖ്യം ആരോൺ ചിയ - സോ വൂയി യിക് സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകൾക്ക് (21-18, 21-15) തോറ്റു. ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധു, ഗോ ജിൻ വെയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്ത് ടീമിനെ ഒപ്പമെത്തിച്ചു. തുടർന്ന് നടന്ന പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് തന്നേക്കാൾ റാങ്കിങ്ങിൽ പിന്നിലുള്ള ടിസെ യോങ്ങിനോട് ഒന്നിനെതിരേ രണ്ടു ഗെയിമുകൾക്ക് പരാജയപ്പെട്ടു. ഇതോടെ മലേഷ്യ 2-1ന്റെ നിർണായ ലീഡ് സ്വന്തമാക്കി.