തിരുവനന്തപുരം: കെകെ ശൈലജയാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ആ പേരിനെ വെട്ടിമാറ്റി. പകരം എത്തുന്ന പുതുമുഖം ഇരിങ്ങാലക്കുടയിൽ നിന്നുള്ള ആർ ബിന്ദുവും. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുടെ ഭാര്യയാണ് ബിന്ദു. ഇരിങ്ങാലക്കുടയിൽ എംഎൽഎയായിരുന്നത് കെയു അരുണനായിരുന്നു. ഒരിക്കൽ മാത്രം മത്സരിക്കുകയും എംഎൽഎയാകുകയും ചെയ്ത എംഎൽഎ. ഒറ്റ തവണ ജയിച്ച അസുഖമുള്ള സിറ്റിങ് എംഎൽഎമാർ എല്ലാം മത്സരിച്ചിട്ടും അരുണന് മാത്രം സീറ്റ് കിട്ടിയില്ല. പകരം ഇരിങ്ങാലക്കുടയിൽ ബിന്ദുവെത്തി. ജയിച്ചപ്പോൾ മന്ത്രിയും.

അരുണനെ വെട്ടി ബിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയത് മന്ത്രിയാകാനുള്ള നീക്കമാണെന്ന ചർച്ച ആ ഘട്ടത്തിൽ സജീവമായിരുന്നു. എകെ ബാലന്റെ ഭാര്യയും പികെ ജമീലയേയും സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ചിരുന്നു. എന്നാൽ ബന്ധു സ്ഥാനാർത്ഥിത്വ വിവാദം ജമീലയ്ക്ക് വിനയായി. തരൂരിൽ മറ്റൊരു സ്ഥാനാർത്ഥിയുമെത്തി. എന്നാൽ ഇരിങ്ങാലക്കുടയിൽ ഇത്തരം വിവാദങ്ങൾ ഉയർന്നെങ്കിലും പാർട്ടി ഗൗരവത്തോടെ എടുത്തില്ല. ജയിച്ച് അവർ മന്ത്രിയാകുന്നു. തൃശൂരിലെ കോർപ്പറേഷൻ മേയറായിരുന്നു ബിന്ദു മുമ്പ്. ഇതുയർത്തിയാണ് ബന്ദുവിനെ മന്ത്രിയാക്കുന്നത്. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നുള്ള ബന്ധവും മന്ത്രിസഭയിലുണ്ട്. പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസാണ് മന്ത്രിപദം കിട്ടുന്ന മറ്റൊരു ബന്ധു.

റിയാസിനും പാർട്ടിയിൽ ഏറെ സ്ഥാനങ്ങളുണ്ട്. ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റാണ്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗവും. കോഴിക്കോട് നിന്ന് ടിപി രാമകൃഷ്ണൻ മന്ത്രിപദത്തിൽ നിന്ന് മാറുമ്പോൾ റിയാസിന് പാർട്ടി സീനിയോറിട്ടി ജില്ലയിലുണ്ട്. അതുകൊണ്ട് തന്നെ സ്വാഭാവിക ചോയിസ്. എന്നാൽ ഇരിങ്ങാലക്കുടയ്ക്ക് സമാനമായ സാഹചര്യം ബേപ്പൂരിലും ഉണ്ട്. വികെസി മുഹമ്മദ് കോയയായിരുന്നു ബേപ്പൂരിന്റെ എംഎൽഎ. രണ്ടു തവണ മാനദണ്ഡം വികെസിക്കും ബാധകമായിരുന്നില്ല. എന്നിട്ടും വികെസിയെ മാറ്റി. ജയം ഉറപ്പുള്ള സീറ്റിൽ റിയാസ് മത്സരിക്കുകയും ജയിക്കുകയും ചെയ്തു. അങ്ങനെ അരുണന് ഇരിങ്ങാലക്കുടയിൽ സംഭവിച്ചത് വികെസിക്ക് ബേപ്പൂരിൽ സംഭവിച്ചു.

ബന്ധു നിയമനത്തിൽ കുടുങ്ങി പിണറായി മന്ത്രിസഭയിൽ നിന്ന് അവസാന മാസം രാജിവച്ചത് കെടി ജലീലായിരുന്നു. ഈ വിവാദമാണ് തവനൂരിൽ പൊരുതി ജയിച്ചിട്ടും ജലീലിന് മന്ത്രിസ്ഥാനം നഷ്ടമാക്കുന്നത്. പകരം അബ്ദുൾ റഹ്മാൻ മന്ത്രിയാകുന്നു. ജലീലിന് ബന്ധു നിയമനം തിരിച്ചടിയാകുമ്പോൾ മറ്റു പലർക്കും ബന്ധുവെന്നത് അനുകൂലമായി എന്ന് കരുതുന്നവരുമുണ്ട്. തലശ്ശേരിയിൽ നിന്ന് ജയിച്ച ഷംസീറും മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നു. അഞ്ചു മന്ത്രിമാർ കണ്ണൂരിൽ നിന്ന് പിണറായി മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് കരുതിയവരുണ്ട്. അവരെല്ലാം ഷംസീറിന്റെ ഒഴിവാകലോടെ നിരാശരായി. പിണറായിയും എംവി ഗോവിന്ദനും മാത്രമാണ് മന്ത്രിസഭയിലെ കണ്ണൂരിലെ മുഖങ്ങൾ.

കോഴിക്കോട് നിന്ന് കാനത്തിൽ ജമീലയും മന്ത്രിയാകുമെന്ന് ഏവരും കരുതിയിരുന്നു. മുസ്ലിം സമുദായത്തിൽ നിന്നുള്ള വനിതാ മന്ത്രിയെന്ന രീതിയിൽ ഇത് ചർച്ചയാകുകയും ചെയ്തു. എന്നാൽ റിയാസിനെ മന്ത്രിയാക്കുന്നതിന് വേണ്ടി കാനത്തിൽ ജമീലയെ കണ്ടില്ലെന്ന് നടിച്ചു. ഇതും പാർട്ടിയുടെ ആക്ടിങ് സെക്രട്ടറി കൂടിയായ വിജയരാഘവന്റെ ഭാര്യ ബിന്ദുവിന് ഗുണമായി. കഴിഞ്ഞ തവണ രണ്ട് വനിതാ മന്ത്രിമാരായിരുന്നു പിണറായി സർക്കാരിൽ ഉണ്ടായിരുന്നത്. എന്നാൽ സിപിഐയിൽ നിന്നുള്ള ചിഞ്ചൂറാണി അടക്കം മൂന്ന് പേർ പിണറായിയുടെ രണ്ടാം എഡിഷനിൽ മന്ത്രിമാരാകുന്നു.

രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടർന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനൽ തയ്യാറാക്കിയത്. സിപിഎം. സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയിലെ ഏറ്റവും പ്രത്യേക ശൈലജയ്ക്കും ഇടമില്ല എന്നുള്ളതാണ് കേന്ദ്രകമ്മിറ്റിയിൽ നിന്ന് എം വി ഗോവിന്ദനും കെ. രാധാകൃഷ്ണനും മന്ത്രിമാരായി. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ പി. രാജീവിനും കെ.എൻ. ബാലഗോപാലിനും ഇടം ലഭിച്ചു. യഥാർഥത്തിൽ ഒരു തലമുറമാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് മന്ത്രിപ്പട്ടിക. ഡിവൈഎഫ്ഐ. പ്രതിനിധിയായി പി.എം. മുഹമ്മദ് റിയാസ് മന്ത്രിയായപ്പോൾ മുൻ എംപി. കൂടിയായ എം.ബി. രാജേഷ് സ്പീക്കറാകുന്നു.

ഒന്നാം പിണറായി മന്ത്രിസഭയിലും താരതമ്യേന ചെറുപ്പക്കാരനായ ശ്രീരാമകൃഷ്ണനെ സ്പീക്കറാക്കി. കഴിഞ്ഞ മന്ത്രിസഭയിലെ രണ്ടാം പിണറായി മന്ത്രിസഭയിലും രണ്ട് വനിതകൾക്ക് ഇടം ലഭിച്ചു. അപ്പോഴും ശൈലജ ടീച്ചറെ ഒഴിവാക്കി. 99 സീറ്റുമായി അധികാരത്തിൽ വീണ്ടും എത്തിയ സിപിഎമ്മിന്റെ വിജയ തിളക്കത്തിന് മങ്ങലേൽപ്പിക്കുന്നതാണ് ശൈലജയെ ഒഴിവാക്കുന്ന തീരുമാനം.