ഭോപ്പാൽ: ബലൂണിൽ വായു നിറക്കുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർക്ക് പരിക്ക്. മൂന്ന് കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. മദ്ധ്യപ്രദേശിലെ ഉജ്ജൈയിനിലാണ് സംഭവം.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനക്കൂട്ടം തിങ്ങിനിറഞ്ഞ് നിന്നിരുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്. അവിടെ ബലൂൺ കച്ചവടത്തിനായി എത്തിയ അൽതാബ് ഷാ എന്ന വ്യക്തി സിലിണ്ടറിൽ നിന്നും ബലൂണിൽ കാറ്റു നിറയ്ക്കുമ്പോഴായിരുന്നു അപകടം.

ബലൂൺ വാങ്ങാൻ നിരവധി കുട്ടികൾ ചുറ്റും കൂടി നിന്നിരുന്നു. പരിക്കേറ്റ എട്ട് വയസുകാരന്റെ നില അതീവ ഗുരുതരമാണ്. തുടർന്ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവർ പ്രാദേശിക ആശുപത്രിയിലാണ്. പരിക്കേറ്റവരിൽ അൽതാബ് ഷായും ഉൾപ്പെടുന്നു.

കനത്ത പ്രകമ്പനത്തോടെയായിരുന്നു സ്ഫോടനം നടന്നത്. സമീപത്തെ കെട്ടിടങ്ങളിലെ ചുമരുകൾക്ക് വിള്ളലുകളും കേടുപാടുകളും സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. സിലിണ്ടറിൽ നിറച്ച ഹൈഡ്രജൻ ഗ്യാസിൽ മറ്റെന്തോ മിശ്രിതം ചേർന്നതിനെ തുടർന്ന് സ്ഫോടനമുണ്ടായതാകാമെന്നാണ് പൊലീസിന്റെ നിഗമനം. വിശദ പരിശോധനയ്ക്കായി സിലിണ്ടറിന്റെ ഭാഗങ്ങൾ ലാബിലേക്ക് അയച്ചിരിക്കുകയാണ്.