കൊല്ലം: നേതാക്കളുമായി സമവായത്തിൽ എത്തിയതിന് പിന്നാലെ ഡിസിസി ഭാരവാഹിത്വം നിശ്ചയിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളായി. ഡിസിസികൾ പുനഃസംഘടിപ്പിക്കുമ്പോൾ അഞ്ചുവർഷം ഭാരവാഹികളായിരുന്നവരെ പരിഗണിക്കില്ലെന്നാണ് ഇതിൽ പ്രധാന വ്യവസ്ഥ. 10 വർഷം പൂർത്തിയാക്കിയവരെ ഡി.സി.സി. ഭാരവാഹികളാക്കേണ്ടതില്ലെന്നായിരുന്നു ആദ്യം ആലോചിച്ച മാനദണ്ഡം. ഭാരവാഹികളുടെ എണ്ണം നാലിലൊന്നായി കുറയ്‌ക്കേണ്ടതിനാലാണ് അഞ്ചുവർഷമെന്ന പുതിയവ്യവസ്ഥ കൊണ്ടുവന്നത്.

പുതിയ ഭാരവാഹികളിൽ പകുതിപ്പേരെങ്കിലും പുതുമുഖങ്ങളായിരിക്കണമെന്നാണ് നിർദ്ദേശം. കെപിസിസി. നിശ്ചയിച്ച ഉപസമിതിയാണ് പുതിയമാനദണ്ഡങ്ങൾ നിശ്ചയിച്ചത്. ഇത് അടുത്തദിവസംതന്നെ കെപിസിസി. പ്രസിഡന്റ് കെ.സുധാകരന് കൈമാറും. ഒരാൾക്ക് ഒരുപദവി എന്ന തത്ത്വം പാലിക്കുംവിധമാകും പുനഃസംഘടന.

ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മുഴുവൻസമയ നേതാക്കളെമാത്രം പരിഗണിച്ചാൽ മതിയെന്നതാണ് മറ്റൊരു വ്യവസ്ഥ. എല്ലാ ബ്ലോക്കുകളിലും പുതുമുഖങ്ങൾ ബ്ലോക്ക് പ്രസിഡന്റുമാരായി വരും. അർദ്ധസർക്കാർ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും ജോലിയുള്ളവരെയും തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലിരിക്കുന്നവരെയും ജില്ലാപഞ്ചായത്ത് അംഗങ്ങളെയും ഡി.സി.സി. ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരുമാക്കില്ല.

പ്രായപരിധി പിന്നിട്ട യൂത്ത് കോൺഗ്രസ് നേതാക്കളെയും ഐ.എൻ.ടി.യു.സി. ജില്ലാ ഭാരവാഹികളെയും കോൺഗ്രസ് നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരും. വലിയ ജില്ലകളിൽ 25 ഭാരവാഹികളും 26 എക്‌സിക്യുട്ടീവ് അംഗങ്ങളുമുണ്ടാകും. ഇവിടങ്ങളിൽ നാലുവൈസ് പ്രസിഡന്റുമാരും ഒരുട്രഷററും 20 ജനറൽ സെക്രട്ടറിമാരുമുണ്ടാകും.

ഭാരവാഹികളിൽ രണ്ടുപേർ വനിതകളും ഒരാൾ പട്ടികജാതിവിഭാഗത്തിൽനിന്നും ഒരാൾ പട്ടികവർഗവിഭാഗത്തിൽനിന്നുമായിരിക്കണം. ചെറിയ ജില്ലകളിൽ മൂന്നു വൈസ് പ്രസിഡന്റുമാർ, ഒരു ട്രഷറർ, 11 ജനറൽ സെക്രട്ടറിമാർ എന്നിങ്ങനെയാണ് ഭാരവാഹികളുടെ എണ്ണം. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർകോട് എന്നിവയാണ് ചെറിയ ജില്ലകൾ. നിലവിൽ പല ജില്ലകളിലും 70 മുതൽ 100 വരെ കോൺഗ്രസ് ഭാരവാഹികളുണ്ട്.

മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അവരുടെ വസതികളിലെത്തി കണ്ടു ചർച്ച നടത്തിയതോടെയാണ് കോൺഗ്രസിലെ പുനഃസംഘടന പുതുവേഗത്തിലാകുന്നത്. പുതിയ നേതൃത്വത്തിന്റെ സമീപനങ്ങളിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. സമവായത്തിലൂടെ സംഘടനാ തെരഞ്ഞെടുപ്പിന് സാധ്യത തെളിയിക്കുന്ന ഇടപെടലാണ് സുധാകരൻ നടത്തിയതെന്നാണ് സൂചന.

രണ്ടു നേതാക്കളോടും കെപിസിസി സെക്രട്ടറിമാരുടെ നിയമനത്തിൽ പട്ടിക സുധാകരൻ ചോദിച്ചു. നൽകാമെന്ന് രണ്ടു പേരും സമ്മതിക്കുകയും ചെയ്തു. ഡിസിസി ഭാരവാഹികളുടെ പട്ടികയും ആവശ്യപ്പെട്ടു. ഇതും നേതാക്കൾ നൽകും. പുനഃസംഘടനയിൽ മുതിർന്ന നേതാക്കളെ അവഗണിച്ചുവെന്ന പരാതി ഒഴിവാക്കാനാണ് സുധാകരൻ നേരിട്ട് എത്തിയത്. രണ്ടു ദിവസം മുമ്പായിരുന്നു സുധാകരൻ മുതിർന്ന നേതാക്കളെ കണ്ടത്.