ടെക്‌സാസ്: അസാധാരണമായ കൊടും മഞ്ഞിൽ തണുത്ത് മരച്ച് ടെക്‌സാസ് സ്റ്റേറ്റ്. സംസ്ഥാനത്ത് ഇതുവരെ നേരിടാത്ത പ്രതിസന്ധിയാണ് ഈ സീസണിൽ ജനജീവിതം നരക തുല്യമാക്കിയിരിക്കുന്നത്. റെക്കോർഡ് തണുപ്പും കനത്ത മഞ്ഞുവീഴ്ചയും മൂലം ഞായറാഴ്ച മുതൽ ജനജീവിതം ദുരിതത്തിലായി. ഒപ്പം വൈദ്യുതി വിച്ഛേദിക്കപ്പെട്ടതും വീടിന്റെ സുരക്ഷിതത്വത്തിലും തണുപ്പിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്തതും ജനജീവിതം കൂടുതൽ ദുരിത പൂർണ്ണമാക്കിയിരിക്കുകയാണ്.

ഒപ്പം ശീതക്കാറ്റു വീശുന്നതും ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത കാഴ്ചയാണ് എങ്ങും. രാജ്യത്തെ 150 ദശലക്ഷം ജനങ്ങൾക്കാണ് വരും മണിക്കൂറിൽ കൂടുതൽ ശക്തമായ ശീതക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതുവരെ 21 പേരാണ് കൊടുംമഞ്ഞിലും ശീതക്കാറ്റിലും പിടിച്ചു നിൽക്കാൻ കഴിയാതെ മരണപ്പെട്ടത്. ടെന്നസെ, ടെക്‌സാസ്, കെന്റകി, ലൂസിയാന എന്നിവിടങ്ങളിലായാണ് 21 മരണം റിപ്പോർട്ട് ചെയ്തത്.

ടെക്‌സസിലെ 254 കൗണ്ടികളിലും ശീതക്കാറ്റിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാന നഗരമായ ഡാലസിൽ മൈനസ് ആറ് ഡിഗ്രി സെൽഷ്യസാണ് താപനില. ഏഴു മുതൽ പത്തു വരെ ഇഞ്ച് വലുപ്പമുള്ള മഞ്ഞുപാളികളാണ് ഡാലസ്, ട്രാവിസ്, സാൻ ഏഞ്ചലോ എന്നിവിടങ്ങളിൽ വീഴുന്നത്. അപ്രതീക്ഷിതമായെത്തിയ കൊടുംശൈത്യം സംസ്ഥാനത്താകെ ദുരിതം വിതച്ചിരിക്കുകയാണ്. അമേരിക്കയുടെ 73 ശതമാനം പ്രദേശവും മഞ്ഞിൽ പുതഞ്ഞ അവസ്ഥയിലാണ്.


എന്താണ് ടെക്‌സാസിൽ സംഭവിക്കുന്നത്
പൊതുവേ അതിശൈത്യം പിടിപെടാത്ത സംസ്ഥാനമാണ് ടെക്‌സാസ്. എന്നാൽ ഇഥ്തവണ ടെക്‌സാസിന്റെ 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ടെക്‌സാസിലെ പല സ്ഥലങ്ങളിലും മൈനസ് 18 ഡിഗ്രി സെൽഷ്യസാണ് താപനില. തണുപ്പിൽ നിന്നും രക്ഷപ്പെടാൻ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ജനം ഒതുങ്ങി കൂടുന്നതിനിടയിലാണ് വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടത്. വൈദ്യുതി ഇല്ലാത്തതിനാൽ ഹീറ്റർ പ്രവർത്തിപ്പിക്കാനാകാതെ ജനം തണുത്തുറഞ്ഞു. കൊടുംതണുപ്പിനെ തുടർന്ന് വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളിലെ ഉപകരണങ്ങൾ എല്ലാം 'മരവിച്ചു' പോയതാണ് പവർകട്ടിനു കാരണം.

ചൊവ്വാഴ്ച, ടെക്‌സസ് പവർ ഗ്രിഡിൽ ഉണ്ടായ തകരാറിനെ തുടർന്ന് 43 ലക്ഷം ഉപഭോക്താക്കൾ 'ഇരുട്ടിലായി'. ആശുപത്രികൾ, പൊലീസ് സ്‌റ്റേഷൻ, ഫയർ സ്റ്റേഷൻ തുടങ്ങിയവയും വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുകയാണ്യ ഇലക്ട്രിക് റിലയബിലിറ്റി കൗൺസിൽ ഓഫ് ടെക്‌സസിനു (ഇആർസിഒടി) കീഴിലുള്ള പവർഗ്രിഡാണ് തകരാറിലായത്. മറ്റു യുഎസ് സ്റ്റേറ്റുകളിൽനിന്നു വ്യത്യസ്തമായി പുറത്തുനിന്നു വൈദ്യുതി വാങ്ങിക്കാൻ സാധിക്കാത്ത രീതിയിലാണ് ടെക്‌സസിലെ പവർഗ്രിഡ് സംവിധാനം എന്നത് സ്ഥിതി കൂടുതൽ വഷളാക്കി. ഞായറാഴ്ച ഉണ്ടായ കൊടുംകാറ്റിൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളിലുണ്ടായ തകരാറും വൈദ്യുതി മുടങ്ങുന്നതിന് കാരണമായി.

അതേസമയം ഐസ് നിറഞ്്ഞ റോഡുകൾ അപകടകാരികളായി മാറിയിരിക്കുകയാണ്. സാൻ ഏഞ്ചലോയിലെ മഞ്ഞുമൂടിയ റോഡിൽ, തിങ്കളാഴ്ച രാത്രി ഏതാണ്ട് 100 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഹൂസ്റ്റൺ ക്രോണിക്കിൾ ഉൾപ്പെടെയുള്ള പ്രമുഖ ദിനപത്രങ്ങൾ പ്രിന്റിങ് നിർത്തിവച്ചു. ടെക്‌സസിലെ ഏറ്റുവും വലിയ പലചരക്ക് വ്യാപാര ശൃംഖലയായ എച്ച്ഇബിയുടെ മിക്ക സ്റ്റോറുകളും പൂട്ടി. മികച്ച നഗരങ്ങളിലും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾക്കും റസ്റ്ററന്റുകൾക്കും താഴുവീണു.

കുടിവെള്ളത്തിനും നെട്ടോട്ടം
പൈപ്പുകളിൽ വെള്ളം കട്ടിയായി പൊട്ടിത്തെറിക്കുന്നതിനെ തുടർന്നു കുടിവെള്ളത്തിനു പോലും ടെക്‌സസിലെ ജനം നെട്ടോട്ടമോടുകയാണ്. വൈദ്യുതിയില്ലാത്തതിനാൽ, വിതരണത്തിനായി നൽകിയ 8000 ഡോസ് കോവിഡ് വാക്‌സീൻ നശിച്ചതായി ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്തിലെ അധികൃതർ അറിയിച്ചു. അധികമായി നൽകാൻ ഉദ്ദേശിച്ചിരുന്ന 4 ലക്ഷം കോവിഡ് വാക്‌സീനുകളുടെ കാര്യം അനിശ്ചിതത്വത്തിലായി.

ഓസ്റ്റിനിലെ പാർക്കിങ് ഗാരേജുകളിൽ നിരവധി ആളുകൾ ഒരേസമയം ഹീറ്റർ പ്രവർത്തിപ്പിച്ച് കാറുകൾ പാർക്ക് ചെയ്തതിനാൽ വിഷപ്പുക നിറഞ്ഞതായി റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ ഹീറ്ററുകൾ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് കാർബൺ മോണോക്‌സൈഡ് വൈതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു. അതിശൈത്യത്തെ തുടർന്ന് നിരവധി പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. സംസ്ഥാനത്താകെ 135 'വാമിങ് സെന്ററുകൾ' തുറന്നതായി ഭരണകൂടം അറിയിച്ചു.

നാഷനൽ ഗാർഡുകളും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ആളുകളെ ഇങ്ങോട്ട് മാറ്റുന്നുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടെക്‌സസിൽ ഫെഡറൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്ന നടപടികൾ തുടരുകയാണെന്ന് ഇആർസിഒടി അറിയിച്ചെങ്കിലും ഏകദേശം 30 ലക്ഷം ആളുകൾക്ക് ഇപ്പോഴും വൈദ്യുതി ഇല്ലെന്നാണ് റിപ്പോർട്ട്.

വ്യാഴാഴ്ച വരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് കലാവാസ്ഥ നിരീക്ഷകരുടെ അറിയിപ്പ്. വെള്ളിയാഴ്ചയോടെ താപനില ഉയരാൻ സാധ്യതയുണ്ട്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ദുരിതത്തിൽ പരസ്പരം പഴിചാരുകയാണ് സർക്കാരും രാഷ്ട്രീയ പാർട്ടികളും. മുന്നൊരുക്കത്തിന് സമയം ലഭിച്ചില്ലെന്നാണ് സർക്കാർവൃത്തങ്ങളുടെ വിശദീകരണം.