തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് രാഷ്ട്രീയ പാർട്ടികൾ. അതേസമയം, തെരഞ്ഞെടുപ്പ് എന്ന് വേണമെന്നത് സംബന്ധിച്ച് പാർട്ടികൾക്കിടയിൽ അഭിപ്രായ സമന്വയം ഉണ്ടായില്ല. ഏപ്രിൽ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഇടതുപാർട്ടികൾ കമ്മീഷനെ അറിയിച്ചു. കോൺഗ്രസും ഏപ്രിലിൽ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം വേണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് എല്ലാ പാർട്ടികളും നിലപാടെടുത്തു. തെരഞ്ഞെടുപ്പ് ഏപ്രിൽ 8 നും 12നും ഇടയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ട് രേഖപ്പെടുത്താനുള്ള സമയം നീട്ടേണ്ടതില്ല. 7 മുതൽ 5 മണി വരെ മതിയെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. മെയ് 16നാണ് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് നടന്നതെന്ന് ബിജെപി ഓർമ്മിപ്പിച്ചു. അതുകൊണ്ട് തന്നെ റംസാൻ വ്രതമൊക്കെ കഴിഞ്ഞതിനു ശേഷം മെയ് 16ന് മുമ്പായി തെരഞ്ഞെടുപ്പ് നടന്നാൽ മതിയെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.

കലാശക്കൊട്ട് നിയന്ത്രണവിധേയമായെങ്കിലും അനുവദിക്കണമെന്നും മുന്നണികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 80 കഴിഞ്ഞവർക്കും കോവിഡ് രോ​ഗികൾക്കും അം​ഗവൈകല്യം ഉള്ളവർക്കും പോസ്റ്റൽ വോട്ട് അനുവദിക്കുമ്പോൾ അത് വലിയ തോതിൽ ദുരുപയോ​ഗം ചെയ്യപ്പെടുമെന്ന ആശങ്ക ബിജെപി പങ്കുവച്ചു. അതിനാൽ, കൃത്യമായ നിയന്ത്രണം അക്കാര്യത്തിൽ ഉണ്ടാവണം. കേന്ദ്രസേന പ്രശ്നബാധിത ബൂത്തുകളിൽ രണ്ടാഴ്ച മുമ്പെങ്കിലും വന്ന് നിയന്ത്രണമേറ്റെടുക്കണമെന്ന നിർദ്ദേശവും ബിജെപി മുന്നോട്ട് വച്ചിട്ടുണ്ട്.

കള്ളവോട്ട് തടയാനുള്ള നടപടി വേണമെന്ന് കോൺ​ഗ്രസും മുസ്ലിം ലീ​ഗും ആവശ്യപ്പെട്ടു. മലപ്പുറം പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന് ലീ​ഗ് ആവശ്യപ്പെട്ടു. അക്കാര്യം പരി​ഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനായി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് കേരളത്തിലെത്തിയത്. നാളെ വരെ സംഘം കേരളത്തിലുണ്ടാവുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.

രാഷ്ട്രീയപാർട്ടികളെ കൂടാതെ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായും കമ്മീഷൻ ആശയവിനിമയം നടത്തും. അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ കേരളത്തിലെത്തിയത്