എരുമേലി: എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് വീണ്ടും തിരിച്ചടി. ഇടതുമുന്നണി നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം നടത്തിയെങ്കിലും ഒരു കോൺഗ്രസ് അംഗം 'മുങ്ങി'യതോടെ ഭരണം തിരിച്ചുപിടിക്കാമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ തെറ്റി.

രാവിലെ നാടകീയ രംഗങ്ങളാണ് എരുമേലി പഞ്ചായത്തിൽ അരങ്ങേറിയത്. കോൺഗ്രസ് നൽകിയ അവിശ്വാസ നോട്ടീസ് ചർച്ചക്കെടുക്കാനിരിക്കെ കോൺഗ്രസ് അംഗത്തെ കാണാതാകുകയായിരുന്നു. ഇരുമ്പൂന്നിക്കര വാർഡ് അംഗം പ്രകാശ് പള്ളിക്കൂടത്തെയാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ 'കാണാതായത്'. മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.

മറ്റു കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ എല്ലാം പഞ്ചായത്തിൽ എത്തിയിരുന്നു. വരണാധികാരിയും എത്തിയെങ്കിലും ഇടതുപക്ഷ അംഗങ്ങൾ ഹാളിൽ എത്താതെ അവിശ്വാസ യോഗം ബഹിഷ്‌കരിച്ചു. യുഡിഎഫിന് മതിയായ ഭൂരിപക്ഷം ഉറപ്പുവരുത്താനാകാതെ വന്നതോടെ വരണാധികാരി അവിശ്വാസ യോഗ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

23 അംഗങ്ങൾ ഉള്ള എരുമേലി പഞ്ചായത്തിൽ, കോൺഗ്രസ് വിമതന്റേതടക്കം 12 പേരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് ഭരണസമിതിക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നീക്കം നടത്തിയത്. കോൺഗ്രസ് വിമതന്റെ ഉൾപ്പെടെ യുഡിഎഫിന് 12 അംഗങ്ങളും ഒരു സിപിഐ അംഗവും പത്ത് സിപിഎം അംഗങ്ങളും ഉൾപ്പെടെ എൽഡിഎഫിന് പതിനൊന്ന് പേരുടെ പിന്തുണയുമാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ തവണ കോൺഗ്രസിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് എൽഡിഎഫ് ഇവിടെ ഭരണം ഉറപ്പിച്ചത്. വോട്ട് അസാധു ആയതോടെ ഇരുപക്ഷത്തും 11 അംഗങ്ങളോടെ തുല്യ നില പാലിച്ചതോടെ നറുക്കെടുപ്പിലൂടെ ഇടതുമുന്നണി ഭരണത്തിൽ എത്തുകയുമായിരുന്നു.

തുടർന്നാണ് ഇടതുമുന്നണിയിലെ തങ്കമ്മ ജോർജുകുട്ടിയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാൻ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നീക്കം നടത്തിയത്. രാവിലെ പതിനൊന്ന് മണിക്കാണ് അവതരിപ്പിക്കാനിരുന്നത്. ഭരണം നിലനിർത്താനുള്ള നീക്കങ്ങൾ എൽഡിഎഫിലും ഭൂരിപക്ഷം കഴിഞ്ഞ തവണ കൈവിട്ടതുപോലെ നഷ്ടപ്പെടാതിരിക്കാൻ യുഡിഎഫിലും നീക്കങ്ങൾ നടത്തിയിരുന്നു. അതിനിടെയാണ് ഒരു കോൺഗ്രസ് അംഗത്തെ കാണാതായത്.

ഭരണം നിലനിർത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തങ്കമ്മ ജോർജുകുട്ടി തുടരും. സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിനോട് ചേർന്ന് നിന്ന് എരുമേലിയുടെ വികസനത്തിനായി പ്രയത്‌നിക്കുമെന്ന് തങ്കമ്മ ജോർജുകുട്ടി പ്രതികരിച്ചു. നിരവധി വികസന പദ്ധതികളാണ് എരുമേലിക്ക് വേണ്ടി ഒരുങ്ങുന്നത്. അതിനായി തുടർന്നും പ്രവർത്തിക്കുമെന്ന് തങ്കമ്മ ജോർജുകുട്ടി പറഞ്ഞു.