കേപ്ടൗൺ: ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായി ആതിഥ്യം വഹിച്ച 2011 ഏകദിന ലോകകപ്പിൽ നിന്ന് ദക്ഷിണാഫ്രിക്കൻ ടീം പുറത്തായതിനു പിന്നാലെ തനിക്കും ഭാര്യയ്ക്കും നേരേ സോഷ്യൽ മീഡിയയിലൂടെ വധഭീഷണി ഉണ്ടായതായി മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി. 2011 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ന്യൂസീലൻഡിനോട് 49 റൺസിന് തോറ്റാണ് ദക്ഷിണാഫ്രിക്ക പുറത്താകുന്നത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ജെസ്സെ റെയ്ഡറുടെ 83 റൺസിന്റെ പിൻബലത്തിൽ 221 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 172 റൺസിന് പുറത്തായി. ദക്ഷിണാഫ്രിക്കയുടെ തോൽവിക്ക് പിന്നാലെ നേരിട്ട ഭീഷണിയെ കുറിച്ച് സംസാരിക്കുകയാണ് വെറ്ററൻ താരം ഫാഫ് ഡു പ്ലെസിസ്. ഗ്രെയിം സ്മിത്തായിരുന്നു അന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ.

മത്സരശേഷം വധഭീഷണി നേരിട്ടുവെന്നാണ് ഫാഫ് പറയുന്നത്. ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോയുമായി സംസാരിക്കുകയായിരുന്നു താരം. ''മത്സരശേഷം ഞാൻ വധഭീഷണി നേരിട്ടിരുന്നു. എനിക്് മാത്രമല്ല, ഭാര്യക്കും ഇതേ അനുഭവമുണ്ടായി. സമൂഹ മാധ്യങ്ങൽ് നിന്നാണ് ഇത്തരം ഭീഷണികളുണ്ടായത്. ഇത്തരം സംഭവങ്ങൾ ആളുകളിൽ നിന്ന് അകന്ന് നിൽക്കാൻ പ്രേരിപ്പിക്കുകയും കൂടുതൽ ജാഗ്രതയോടെ ഇരിക്കാൻ നിർബന്ധിക്കുകയും ചെയ്യും. എല്ലാ താരങ്ങളും ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നുപോയിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്.'' ഫാഫ് പറഞ്ഞു.

ദക്ഷിണാഫ്രിക്ക നാലിന് 121 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഫാഫ് ക്രീസിലെത്തുന്നത്. എന്നാൽ തൊട്ടുപിന്നാലെ ഡിവില്ലിയേഴ്സ് റണ്ണൗട്ടായി. പിന്നാലെ ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുനനു. ഫാഫിനാവട്ടെ 36 റൺസാണ് നേടാൻ സാധിച്ചിരുന്നത്.