ദുബായ്: ന്യൂസിലൻഡ് ഓപ്പണർ ഡെവോൺ കോൺവെയും ഇംഗ്ലണ്ട് സ്പിന്നർ സോഫി എക്ലിസ്റ്റണും ഐസിസിയുടെ ജൂൺ മാസത്തിലെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.ന്യൂസിലൻഡ് ടീമിലെ സഹതാരവും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ താരവുമായ കെയ്ൽ ജയ്മിസണെയും ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡീ കോക്കിനെയും പിന്തള്ളിയാണ് കോൺവെയുടെ നേട്ടം. ടാമി ബ്യൂമൗണ്ടിനുശേഷം ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ വനിതാ താരമാണ് എക്ലിസ്റ്റൺ.

'ഐസിസി പ്ലേയർ ഓഫ് ദ് മന്ത്' ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ന്യൂസിലൻഡ് പുരുഷ താരമാണ് കോൺവെ. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റെ ടെസ്റ്റിൽ ഡബിൾ സെഞ്ചുറിയും തുടർന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അടക്കം രണ്ട് ടെസ്റ്റുകളിൽ അർധസെഞ്ചുറിയും നേടിയാണ് കോൺവെ ജൂൺ മാസത്തിലെ ഐസിസിയുടെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഐസിസി പുരസ്‌കാരനേട്ടത്തിൽ അഭിമാനമുണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റിലെ മികവിനാണ് പുരസ്‌കാരമെന്നത് കൂടുതൽ സന്തോഷം നൽകുന്നുവെന്നും കോൺവെ പറഞ്ഞു.

ലോർഡ്‌സിൽ അരങ്ങേറ്റത്തിൽ ഡബിൾ സെഞ്ചുറി നേടാനായത് സ്വപ്ന സാക്ഷാത്കാരമാണെന്നും ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ടീമിനായ സംഭാവന നൽകാനായത് സന്തോഷം നൽകുന്നുവെന്നും കോൺവെ പറഞ്ഞു. ഇന്ത്യൻ വനിതാ താരങ്ങളായ ഷഫാലി വർമയെയും സ്‌നേഹ് റാണയെയും പിന്തള്ളിയാണ് ഇംഗ്ലണ്ട് സ്പിന്നർ സോഫി എക്ലിസ്റ്റൺ ഐസിസിയുടെ ജൂൺ മാസത്തിലെ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

2018ൽ ഐസിസിയുടെ മികച്ച യുവതാരമായും എക്ലിസ്റ്റൺ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കെതിരായ ഏക ടെസ്റ്റിൽ എട്ടു വിക്കറ്റും തുടർന്ന് നടന്ന രണ്ട് ഏകദിനങ്ങളിൽ മൂന്ന് വിക്കറ്റ് വീതവും വീഴ്‌ത്തിയാണ് എക്ലിസ്റ്റൺ മികച്ച വനിതാ താരമായത്.