ന്യൂഡൽഹി: ഡ്രോണുകൾ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിള നശിപ്പിക്കുന്ന വെട്ടുക്കിളികളുടെ വ്യാപനം ഇന്ത്യ നിയന്ത്രിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വെട്ടുക്കിളി ആക്രമണം മൂലം കൂടുതൽ വിളനാശമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഝാൻസി ആസ്ഥാനമായുള്ള റാണി ലക്ഷ്മി ഭായ് സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ കോളേജ്, അഡ്‌മിനിസ്ട്രേഷൻ കെട്ടിടങ്ങളുടെ വെർച്വൽ ഉദ്ഘാടനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ കാർഷിക മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ഉത്തർപ്രദേശ് ഉൾപ്പെടെ പത്തിലധികം സംസ്ഥാനങ്ങൾ വെട്ടുക്കിളി പ്രശ്നം നേരിട്ടതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഈ പ്രശ്നം ശാസ്ത്രീയമായി നിയന്ത്രിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കീടങ്ങളിൽ നിന്ന് വിളകളെ രക്ഷിക്കാൻ കേന്ദ്രസർക്കാർ "യുദ്ധകാലാടിസ്ഥാനത്തിൽ" പ്രവർത്തിച്ചുവെന്ന് മോദി അവകാശപ്പെട്ടു. ഝാൻസിയിലടക്കം ഒരു ഡസൻ കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികൃതർ പ്രത്യേക സ്പ്രേ മെഷീനുകൾ വാങ്ങുകയും ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യുകയും ചെയ്തു. "ട്രാക്ടറുകളോ രാസവസ്തുക്കളോ ആകട്ടെ, കൃഷിക്കാർക്ക് കുറഞ്ഞ വിളനാശം നേരിടുന്നുവെന്ന് ഉറപ്പാക്കുന്നതിന് എല്ലാ യന്ത്രസാമഗ്രികളും സ്ഥാപിച്ചു. ഉയരമുള്ള മരങ്ങൾ സംരക്ഷിക്കാൻ ഡ്രോണുകളും ഹെലികോപ്റ്ററുകളും സ്പ്രേ ചെയ്യാൻ ഉപയോഗിച്ചു. ഈ നടപടികൾ പിന്തുടർന്ന് കർഷകരെ വലിയ നഷ്ടത്തിൽ നിന്ന് രക്ഷിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു, " കൊറോണ വൈറസ് ഇല്ലായിരുന്നുവെങ്കിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പോസിറ്റീവ് മീഡിയ ചർച്ച ഇക്കാര്യത്തിൽ നടക്കുമായിരുന്നു. വലിയ വിജയം കൈവരിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

30 വർഷത്തിനുശേഷം ബുണ്ടേൽഖണ്ഡ് വെട്ടുക്കിളി ആക്രമണത്തെ അഭിമുഖീകരിച്ചു. "മെയ് മാസത്തിൽ ബുണ്ടൽഖണ്ഡ് പ്രദേശത്ത് വെട്ടുക്കിളി പ്രശ്നം നേരിട്ടിരുന്നു. 30 വർഷത്തിനുശേഷം വെട്ടുക്കിളി ആക്രമണത്തെ ഈ പ്രദേശം നേരിട്ടതായി എന്നോട് പറഞ്ഞു. ഉത്തർപ്രദേശ് മാത്രമല്ല, പത്തിലധികം സംസ്ഥാനങ്ങൾ വെട്ടുക്കിളി പ്രശ്‌നത്തെ അഭിമുഖീകരിച്ചു," പ്രധാനമന്ത്രി പറഞ്ഞു. കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതികവിദ്യകൾ എങ്ങനെ സഹായിക്കുന്നുവെന്ന് പങ്കുവെച്ച മോദി, രാജ്യത്ത് വെട്ടുക്കിളി കൂട്ടം വ്യാപിക്കുന്ന വേഗതയെ പരമ്പരാഗത രീതിയിൽ നിയന്ത്രിക്കാൻ കഴിയില്ലെന്ന് പറഞ്ഞു.

ആധുനിക കാർഷിക സാങ്കേതികവിദ്യകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, രാജ്യത്തുടനീളം ഡ്രോൺ അല്ലെങ്കിൽ കൃത്രിമബുദ്ധി പോലുള്ള സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിന് '' ഒരു ജീവിതം, ഒരു ദൗത്യം '' എന്ന വിഷയത്തിൽ പ്രവർത്തിക്കാൻ യുവ ഗവേഷകരെയും കാർഷിക ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചു. കഴിഞ്ഞ ആറുവർഷമായി കാർഷിക ഗവേഷണങ്ങൾ നേരിട്ട് വയലുകളിലേക്ക് കൊണ്ടുപോകാനും ചെറുകിട കർഷകർക്ക് പോലും ശാസ്ത്രീയ ഉപദേശങ്ങൾ ലഭ്യമാക്കാനുമുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. "കോളേജ് കാമ്പസ് മുതൽ കൃഷിയിടം വരെ, വിദഗ്ധരുടെ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി റാണി ലക്ഷ്മി ഭായ് സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയും ഒരു പ്രധാന പങ്ക് വഹിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, ഹരിയാന, ഉത്തരാഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിൽ വെട്ടുക്കിളി പ്രശ്‌നം ഇന്ത്യ നേരിട്ടിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള വെട്ടുകിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യയിൽ വ്യാപക വിളനാശത്തിന് കാരണമാവുന്നത്. രാജസ്ഥാനിൽ വ്യാപകമായി വിളകൾ നശിപ്പിച്ച ശേഷം വെട്ടുകിളിക്കൂട്ടം മധ്യപ്രദേശിലും ഉത്തർപ്രദേശിലേക്കും കടന്നു. മധ്യപ്രദേശിൽ 27 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നേരിട്ടത്. വെട്ടുകിളികളെ നിയന്ത്രിച്ചില്ലെങ്കിൽ മധ്യപ്രദേശിൽ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ വിളനാശമുണ്ടാവുമെന്നായിരുന്നു വിദഗ്ദരുടെ മുന്നറിയിപ്പ്.

പലയിനം സസ്യങ്ങളുടെ ഇലകളും, ധാന്യങ്ങളും എന്നുവേണ്ട കണ്ണിൽകണ്ടതെന്തും വെട്ടിവിഴുങ്ങുന്ന ഇവ കൃഷി തീർത്തും ഇല്ലാതാക്കും. കാണാൻ ഇത്തിരിയേ ഉള്ളൂ എങ്കിലും, ആയിരവും പതിനായിരവും എണ്ണം വരുന്ന ഒരു പറ്റമായി ഒന്നിച്ച് കൃഷിയിടങ്ങളിൽ വന്നിറങ്ങുന്ന അതീവ ഉപദ്രവകാരിയായ ഈ ജീവി ഒറ്റദിവസം കൊണ്ട് തിന്നു തീർക്കുക, പത്ത് ആനകൾ, 25 ഒട്ടകങ്ങൾ, അല്ലെങ്കിൽ 2500 ആളുകൾ കഴിക്കുന്ന ധാന്യങ്ങളാണ്.

കാർഷിക ഡയറക്ടറേറ്റിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 1926-31 കാലയളവിലുണ്ടായ വെട്ടുകിളി ആക്രമണത്തിൽ പത്തുകോടി വിലമതിക്കുന്ന വിളയാണ് നശിപ്പിക്കപ്പെട്ടത്. 1940-46 ലെയും 1949-55 -ലെയും ആക്രമണങ്ങളിൽ രണ്ടുകോടിയുടെയും ഏറ്റവും അവസാനമായി നടന്ന 1959-62 കാലത്തെ ആക്രമണത്തിൽ അമ്പതുലക്ഷത്തിന്റെയും വിളകൾ നശിച്ചിരുന്നു. 1993 -ൽ ഭുജിലാണ് അവസാനമായി ഗുജറാത്ത് വെട്ടുകിളിക്കൂട്ടങ്ങളുടെ വരവ് കണ്ടത്. കടുക്, ജീരകം, ഗോതമ്പ് തുടങ്ങിയ വിളകളാണ് വെട്ടുകിളികളുടെ ആക്രമണത്തിന്റെ ഭീഷണിയിൽ ഗുജറാത്തിലെ പാടങ്ങളിൽ വിളവെത്തി നിൽക്കുന്നത്.

വെട്ടുകിളി മുന്നറിയിപ്പ് സമിതി (Locust Warning Organization) എന്ന സർക്കാർ സ്ഥാപനമാണ് വെട്ടുകിളികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതും വേണ്ട മുന്നറിയിപ്പുകൾ കൃഷിക്കാർക്ക് നൽകുന്നതും, വെട്ടുകിളി ശല്യത്തെ നേരിടാൻ വേണ്ട സാങ്കേതിക വിദ്യയും, മുൻകരുതലുകളുമെടുക്കാൻ അവരെ സഹായിക്കുന്നതും. സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രീതിയിൽ സാന്ദ്രത ഒരു വെട്ടുകിളിക്കൂട്ടത്തിനുണ്ടോ എന്നതാണ് ഇവർ പരിശോധിക്കുക. ഒരു ഹെക്ടറിൽ 10,000 വെട്ടുകിളികളിൽ അധികമുണ്ടെങ്കിൽ അത് നഷ്ടമുണ്ടാക്കാൻ പോന്ന സാന്ദ്രതയായി കണക്കാക്കപ്പെടും.