മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം ജൂലൈ 13 മുതൽ 25 വരെ നടക്കും. ടീമിനെ ഈ മാസം പതിനഞ്ചിന് പ്രഖ്യാപിച്ചേക്കും. വിരാട് കോലി നയിക്കുന്ന സീനിയർ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡിനെതിരായ ഫൈനലിനായും ആതിഥേയർക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്കായും ഇംഗ്ലണ്ടിലാണ് ഉള്ളത്. ഈ സാഹചര്യത്തിൽ യുവനിരക്ക് ഇന്ത്യൻ ജഴ്‌സിയണിയാനുള്ള അവസരം ഒരുങ്ങും.

മൂന്ന് വീതം ഏകദിന, ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ശിഖർ ധവാൻ നായകൻ ആവാനാണ് സാധ്യത. ഹർദിക് പാണ്ഡ്യക്കും പരിക്ക് മാറി തിരിച്ചെത്തുന്ന ശ്രേയസ് അയ്യർക്കും ചിലപ്പോൾ നറുക്ക് വീഴാം. ജൂലൈ 13, 16, 18 തീയതികളിൽ ഏകദിന മത്സരങ്ങൾ, പിന്നാലെ 21, 23, 25 തീയതികളിൽ ട്വന്റി 20 പോരാട്ടം എന്നിങ്ങനെയാണ് മത്സരക്രമം.

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഒരാളും ലങ്കയിലേക്ക് വരില്ല എന്നതിനാൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ ഉള്ള യുവതാരങ്ങളെ കളത്തിൽ കാണാം. രാഹുൽ ദ്രാവിഡിനാകും പരിശീലന ചുമതല. മൽസര വേദികൾ പിന്നീട് പ്രഖ്യാപിക്കും.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടം സതാംപ്ടണിൽ ജൂൺ 18നാണ് തുടങ്ങുന്നത്. ഇതിന് ശേഷം ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര തുടങ്ങും. ട്രെൻഡ് ബ്രിഡ്ജിൽ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ഇരു മത്സരങ്ങൾക്കും ഇടയിലുള്ള സമയം ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ചെലവഴിക്കും.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ, വൃദ്ധിമാൻ സാഹ.

സ്റ്റാൻഡ്ബൈ താരങ്ങൾ: അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാൻ, അർസാൻ നാഗ്വസ്വല്ല, കെ എസ് ഭരത്.