അറാറിയ: ഏറെ നാളുകൾക്ക് ശേഷം രാജ്യത്ത് ആൾക്കൂട്ടകൊലപാതകം വീണ്ടും. അതും കന്നുകാലിയുടെ പേരിൽ. ബീഹാറിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കന്നുകാലിയെ മോഷ്ടിച്ചുവെന്നാരോപിച്ച് 55കാരനെ മൂന്നുറ് പേർ അടങ്ങുന്ന സംഘം മർദ്ദിച്ചുകൊല്ലുകയായിരുന്നെന്നാണ് വിവരം. അറാറിയ സ്വദേശിയായ കാബൂൾ മിയാൻ എന്നയാളാണ് ദാരുണമായി മരിച്ചത്. അക്രമികൾ വലിയ വടികൊണ്ട് ഇയാളെ മർദ്ദിക്കുകയും മുഖത്ത് ചവിട്ടുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത പുറത്ത് വിട്ടത്. കാബൂൾ മിയാന്റെ പാന്റടക്കം അഴിച്ചുമാറ്റിയ ശേഷവും ക്രൂരമായി അക്രമിച്ചു.ഇയാൾ വേദനയോടെ പുളഞ്ഞ് ആർത്ത് കരഞ്ഞിട്ടും അക്രമം നിർത്തിയില്ല. കൂട്ടം കൂടിയവരിൽ ചിലർ വീഡിയോ എടുത്ത് ഓൺലൈനിൽ ഇടാൻ പറയുന്നതിന്റെ ശബ്ദവും ദൃശ്യങ്ങളിൽ കേൾക്കുന്നുണ്ട്. മുസ്ലിം മിയാൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ആക്രമിച്ചതെന്നാണ് സൂചന. പട്നയിലെ സിമർബാനി വില്ലേജിൽ ഡിസംബർ 29-നാണ് സംഭവം നടന്നത്. അക്രമികളുടെ മുഖങ്ങളടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇരയും അക്രമികളും ഒരേ സമുദായത്തിൽപ്പെട്ടവരാണെന്നും നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അറാറിയ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ കെ.പി.സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിഹാറിൽ ഒരു ആർജെഡി നേതാവ് വെടിയേറ്റ് മരിക്കുകയും തുടർന്ന് നടന്ന പ്രതിഷേധത്തിനിടെ 13 വയസുകാൻ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ തുടർച്ചയായ ആക്രമസംഭവങ്ങളെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.