ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാനുള്ള കരാറിന് അന്തിമ രൂപം നൽകി. മൂന്ന് ദശലക്ഷം ബാരൽ എണ്ണയാണ് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്നത്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് കമ്പനിയും കമ്പനിയും തമ്മിലുള്ള കരാറാണ്.

ഇന്ത്യയിലേയും അന്താരാഷ്ട്ര മാർക്കറ്റിലേയും വിലനിലവാരമനുസരിച്ച് മികച്ച വിലയ്ക്ക് എണ്ണ വാങ്ങാനുള്ള കരാറിൽ ഐ.ഒ.സി ഒപ്പിട്ടുവെന്നാണ് റിപ്പോർട്ടുകൾ. പാശ്ചാത്യരാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ എണ്ണകമ്പനികൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് തടസമില്ല. നിയമസാധുതയുള്ള ഊർജ്ജ കൈമാറ്റങ്ങളെ രാഷ്ട്രീയവൽകരിക്കുന്നതിൽ കഴമ്പില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എണ്ണയിൽ സ്വയംപര്യാപ്്തരായ രാജ്യങ്ങളോ, റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതോ ആയ രാജ്യങ്ങൾക്ക് വാണിജ്യം പരിമിതപ്പെടുത്തണമെന്ന് ഇന്ത്യയോട് ഉത്തരവിടാൻ കഴിയില്ല.

ഐ.ഒ.സിക്ക് പുറമേ മറ്റ് ചില കമ്പനികളും റഷ്യയിൽ നിന്നും എണ്ണ വാങ്ങാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ ഇവരും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെക്കുമെന്നാണ് സൂചന. റഷ്യ-യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 140 ഡോളർ വരെ ഉയർന്നിരുന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞിരുന്നു.

വില കുറഞ്ഞ എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നത് ഉപരോധങ്ങളുടെ ലംഘനമാവില്ലെന്ന് അമേരിക്കൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി ഈയാഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, ചരിത്രത്തിന്റെ ഏതുവശത്താണ് നിങ്ങൾ നിൽക്കുന്നതെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമേരിക്കയും, പാശ്ചാത്യ രാജ്യങ്ങളും ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെയാണ് റഷ്യ, എണ്ണയും മറ്റ് ഉത്പന്നങ്ങളും വിലകുറച്ച് ഇന്ത്യക്കും, മറ്റുവലിയ ഇറക്കുമതിക്കാർക്കും വാഗ്ദാനം ചെയ്തത്.

ഇന്ത്യ ആവശ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. രണ്ട് മുതൽ മൂന്ന് ശതമാനം വരെ മാത്രമാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി. ആഗോള വിപണിയിൽ എണ്ണവില ഉയരുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇതിന്റെ ആക്കം കുറക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.