തിരുവനന്തപുരം: പെഗസാസ് വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെയും കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെയും രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.കോവിഡ് കാലത്ത് രാജ്യത്തെ ജനങ്ങൾ സാമ്പത്തീക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുമ്പോഴാണ് പ്രമുഖരുടെ ഫോൺ ചോർത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയും ഭീമമായ തുക ചെലവഴിച്ചതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.രാജ്യത്തിന്റെ സുരക്ഷിതത്വവും സ്വകാര്യതയും പിച്ചിച്ചീന്തിയ ഇസ്രയേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗസ്സസ് മോദി സർക്കാർ വാങ്ങിയത് ആയിരം കോടി രൂപ ചെലവഴിച്ചാണെന്ന് കെ. സുധാകരൻ എംപി ആരോപിച്ചു.

കൊവിഡും സാമ്പത്തിക പ്രതിസന്ധിയുംമൂലം ജനങ്ങൾ മുഴുപ്പട്ടിണിയിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുമ്പോഴാണ് രാജ്യത്തെ പ്രമുഖരുടെ രഹസ്യം ചോർത്താൻ മോദി സർക്കാർ ഇത്രയും വലിയ തുക ചെലവഴിച്ചത്. ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഇതിന് ഉത്തരവാദിയെങ്കിൽ അദ്ദേഹത്തിനെതിരേ നടപടി വേണം. അമിത് ഷായെ തള്ളിപ്പറയാൻ പ്രധാനമന്ത്രി തയാറായില്ലെങ്കിൽ അദ്ദേഹത്തിനും ഇതിൽ പങ്കുണ്ടെന്നു പറയേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ ഫോണുകളാണ് ചോർത്തിയത്. രാഹുലിന്റെ ഫോൺ ചോർത്തിയാൽ കോൺഗ്രസ് വൈകാരികമായി തന്നെ പ്രതികരിക്കുമെന്ന് സുധാകരൻ വ്യക്തമാക്കി.ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് മൊബൈലിലെ ക്യാമറയും മൈക്രോ ഫോണും വരെ തുറക്കാൻ സാധിക്കും. ഫോണിന് സമീപമുള്ള കാര്യങ്ങൾ, ഫോണിന്റെ പാസ്വേർഡ്, ഫോണിൽ സേവ് ചെയ്തിട്ടുള്ളവരുടെ വിവരങ്ങൾ, ടെക്സ്റ്റ് മെസേജ്, പരിപാടികൾ, വോയ്‌സ് കോൾ തുടങ്ങിയവയെല്ലാം ചാര സോഫ്‌റ്റ്‌വെയർ പിടിച്ചെടുക്കുന്നു.

ഓരോ രാഷ്ട്രീയപാർട്ടിക്കും വ്യക്തിക്കും അവകാശപ്പെട്ട മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ കഴിയാത്തവിധം നാടിന്റെ അച്ചടക്കവും സ്വകാര്യതയുമാണ് മോദി സർക്കാർ തച്ചുടച്ചത്. ഓരോ പാർട്ടിയുടെയും ആഭ്യന്തര വിഷയങ്ങൾ ചോർത്തിയ കിരാത നടപടിയാണിതെന്നും സുധാകരൻ പറഞ്ഞു.പെഗസ്സസ് സോഫ്റ്റ് വെയറും ഇസ്രയേൽ കമ്പനിയായ എൻഎസ്ഒയുടെ ഉല്പന്നങ്ങളും ഇന്ത്യയിൽ വാങ്ങുന്നത് കേന്ദ്രസർക്കാർ മാത്രമാണ്. നൂറു മുതൽ ആയിരം കോടി വരെ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. മനഃസാക്ഷിയില്ലാത്ത, ജനാധിപത്യബോധമില്ലാത്ത, അന്തസും ആഭിജാത്യവും തറവാടിത്തവുമില്ലാത്ത ഭരണാധികാരികൾക്ക് മാത്രമേ ഇത്തരം ചാരപ്രവർത്തനത്തിനു നേതൃത്വം നല്കാനാവൂവെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

വാട്‌സ്ആപ്പിന്റെ ഉടമകളായ ഫേസ്‌ബുക്ക് 2019 ഏപ്രിൽ- മെയ് മാസങ്ങളിൽ പെഗസ്സസ് ഉപയോഗിച്ച് ഫോണുകൾ ചോർത്തുന്ന വിവരം കേന്ദ്രസർക്കാരിനെ ഔദ്യോഗികമായി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. 2019 സെപ്റ്റംബറിൽ ഫേസ്‌ബുക്ക് വീണ്ടും കേന്ദ്രസർക്കാരിന് നല്കിയ മുന്നറിയിപ്പ് അവഗണിച്ചു. പെഗസ്സസ് ഇന്ത്യയിലെ പൊതുപ്രവർത്തകരെ ലക്ഷ്യമിട്ടിരുന്നതായി സിറ്റിസൺ ലാബ് 2018 സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും സുധാകരൻ വിശദീകരിച്ചു.