തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായി, സർക്കാർ അനുകൂല അഭിപ്രായം പ്രകടിപ്പിച്ച ശശി തരൂർ എംപിയെ വിമർശിച്ച് കെ പിസിസി പ്രസിഡന്റ് കെ സുധാകരൻ. തരൂർ ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു. പക്ഷെ ഇരിക്കുന്നിടം കുഴിക്കരുതെന്ന് സുധാകരൻ പറഞ്ഞു. ശശി തരൂർ പാർട്ടിയുടെ വൃത്തങ്ങളിൽ ഒതുങ്ങാത്ത വ്യക്തിയാണ്. തരൂരിനെ നേരിട്ടു കണ്ട് സംസാരിക്കും. തരൂർ പറഞ്ഞതിന്റെ ലോജിക്ക് അദ്ദേഹത്തോടു തന്നെ ചോദിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

കെ റെയിൽ വിഷയത്തിൽ കോൺഗ്രസ്സ് പ്രതിഷേധം ശക്തമാക്കി.പദ്ധതിക്കെതിരെ ജില്ലാടിസ്ഥാനത്തിൽ പ്രതിഷേഘധക്കൂട്ടായ്മ സംഘടിപ്പിച്ചു.വികസനത്തിന് വാശിയല്ല വേണ്ടത്, പ്രായോഗികതയാണ്. മുഖ്യമന്ത്രിയുടെ പിടിവാശി കേരളത്തിന് ശാപമാകരുതെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് കെ സുധാകരൻ അഭിപ്രായപ്പെട്ടു.പദ്ധതി കേരളത്തിന് വെള്ളിടിയാകും. കക്ഷിരാഷ്ട്രീയഭേദമെന്യേ പദ്ധതിയിൽ ആശങ്കയുണ്ട്. കണ്ണൂരിൽ സിപിഎമ്മിൽപ്പെട്ട ആളുകളുൾപ്പെടെ ആശങ്ക പ്രകടിപ്പിച്ചതായി തനിക്കറിയാം. ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ ഇല്ലയോ എന്നതു മാറ്റിവച്ചാൽ തന്നെ, ഇക്കാര്യത്തിൽ ജനങ്ങളെ ബോധ്യപ്പെടുത്താനും ആശങ്കകൾ പരിഹരിക്കാനും സർക്കാരിന് ബാധ്യതയില്ലേ എന്ന് സുധാകരൻ ചോദിച്ചു.

പദ്ധതി നടപ്പാക്കുന്നത് സ്റ്റാൻഡേഡ് ഗേജിലാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇന്ത്യയിൽ സ്റ്റാൻഡേഡ് ഗേജിൽ ട്രെയിൻപാളം ഉണ്ടാക്കിയിട്ടില്ല. ബ്രോഡ്ഗേജിലാണ് പാളം നിർമ്മിച്ചിട്ടുള്ളത്. സ്റ്റാൻഡേഡ് ഗേജിൽ നിർമ്മിക്കുന്ന പാളത്തിൽ ഒരു അപകടം ഉണ്ടാകാൻ എത്രയോ എളുപ്പമാണ്. ഇതെല്ലാം വന്നാലേ ഇത് പുനഃപരിശോധിക്കൂ എന്നാണ് പിണറായി വിജയൻ സർക്കാരിന്റെ നിശ്ചയദാർഢ്യം എങ്കിൽ അതിനു മുന്നിൽ നമോവാകം പറയുക മാത്രമേ നമുക്ക് മുന്നിൽ മാർഗമുള്ളൂ.

വികസനം നാടിന്റെ വികസനമാണ്. അത് ജനങ്ങൾക്ക് ആവശ്യമുള്ള വികസനമാകണം. ജനങ്ങൾക്ക് ആവശ്യമില്ലാത്ത ഈ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. മുമ്പ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർത്തയാളാണ് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. അന്നു സമരം നടത്തിയ യെച്ചൂരിയുടെ പാർട്ടിയാണ് ഇന്ന് അതിവേഗ ട്രെയിനുമായി രംഗത്തുവരുന്നത്. ഇതെന്തൊരു വിരോധാഭാസമാണെന്ന് കെ സുധാകരൻ ചോദിച്ചു.

മുമ്പ് അതിവേഗ പാത ഉണ്ടാക്കുമ്പോൾ സംസ്ഥാനം രണ്ടായി വിഭജിക്കപ്പെടുമെന്നും രണ്ടു നാടായി മാറുമെന്നും പറഞ്ഞ് സമരം നടത്തിയവരാണ് സിപിഎമ്മുകാർ. അന്ന് എൽഡിഎഫിലുണ്ടായിരുന്ന എംപി വീരേന്ദ്രകുമാർ പറഞ്ഞത് രണ്ടു നാടു സൃഷ്ടിക്കുമെന്നാണ്. കിഴക്കുഭാഗത്തുള്ള മാതയ്ക്ക് പടിഞ്ഞാറു ഭാഗത്തെ പറമ്പിലേക്ക് പശുവിനെ കൊണ്ടുപോകാൻ സാധിക്കില്ല. പടിഞ്ഞാറുള്ള ആശയുടെ ആടിനെ കിഴക്കോട്ടു കൊണ്ടുപോകാനാകില്ലെന്നും സരസമായി അദ്ദേഹം പ്രസംഗിച്ചിരുന്നുവെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.