കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ കെ സുധാകരനില്ല. മണ്ഡലത്തിൽ മത്സരിക്കാൻ വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാത്തതിനാൽ മത്സരിക്കാൻ കഴിയില്ലെന്ന് സുധാകരൻ കെപിസിസിയെ അറിയിച്ചു. സി രഘുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നും കണ്ണൂർ ഡിസിസി നിർദ്ദേശിച്ചു. താൻ മത്സരിച്ചാൽ ധർമ്മടത്ത് തളച്ചിടപ്പെടുമെന്നും മറ്റ് മണ്ഡലങ്ങളിലെ വിജയസാധ്യതയെ ബാധിക്കുമെന്നും സുധാകരൻ പറഞ്ഞു. അതുകൊണ്ടാണ് മത്സരിക്കാനില്ലെന്ന കാര്യം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സി രഘുനാഥിനെ സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. ധർമ്മടത്തെ സ്ഥാനാർത്ഥിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും അറിയിച്ചു.

കെ.സുധാകരന്റെ വീട്ടിലേക്ക് ധർമടം മണ്ഡലം കോൺഗ്രസ് ഭാരവാഹികളെത്തി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. ധർമടത്ത് മത്സരിക്കാൻ പാർട്ടിയുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മർദ്ദമുണ്ടെങ്കിലും സുധാകരൻ അതിന് വഴങ്ങാതിരിക്കുകയായിരുന്നു. പിണറായി വിജയനെ പോലുള്ള ഒരാൾക്കെതിരെ അവസാനഘട്ടത്തിലല്ല സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതെന്നും മുന്നൊരുക്കങ്ങൾ നടത്താൻ സമയം വേണമായിരുന്നു എന്നുമാണ് സുധാകരന്റെ നിലപാട്് കൈക്കൊണ്ടത്.

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരൻ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്നും സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും കെപിസിസി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ഒരു മണിക്കൂർ കാത്തിരിക്കാൻ കെ.സുധാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഉച്ചക്ക് മുൻപ് സ്ഥാനാർതിത്വത്തിന്റെ കാര്യത്തിൽ തീരുമാനമാകുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എന്നൽ സുധാകരൻ മത്സരിക്കേണ്ടെന്നാണ് ഡിസിസി അഭിപ്രായം ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കരുത്തനെ തന്നെ ഇറക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതോടെയാണ് ആലോചനകൾ സുധാകരനിലേക്ക് എത്തിയത്. പിണറായിക്കെതിരെ സുധാകരനിലും മികച്ചൊരു സ്ഥാനാർത്ഥിയില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ധർമടത്തെ സിപിഎമ്മിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞിരുന്നു. ഈ കണക്കിലാണ് കോൺഗ്രസിന്റെ കണ്ണുകൾ. കണ്ണൂർ ലോക്സഭാ മണ്ഡലത്തിന് കീഴിൽ വരുന്നതാണ് ധർമടം. കെ സുധാകരൻ തന്നെയായിരുന്നു കോൺഗ്രസിന്റെ ലോക്‌സഭാ സ്ഥാനാർത്ഥി. സിപിഎമ്മിന്റെ പികെ ശ്രീമതിയെ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് സുധാകരൻ തോല്പിച്ചിരുന്നത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയന് കിട്ടിയത് 36905 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. അതാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ 4099 വോട്ടിലേക്ക് ചുരുങ്ങിയത്. എന്നാൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 49180 വോട്ടുകളുടെ കൂറ്റൻ ലീഡാണ് ഇടതുമുന്നണിക്കുള്ളത്. മണ്ഡലത്തിന് കീഴിലുള്ള എട്ടു പഞ്ചായത്തിൽ ഏഴിലും എൽഡിഎഫ് ആണ് അധികാരത്തിൽ.

മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന ഖ്യാതിയാണ് ധർമടത്തിന്റേത്. 2011ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നിലവിൽ വന്ന ധർമടത്ത് സിപിഎം മാത്രമേ വിജയിച്ചിട്ടുള്ളൂ. 2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ നാരായണൻ 15,162 വോട്ടിനാണ് ജയിച്ചത്. 2016ൽ മത്സരിച്ച പിണറായി വിജയൻ ഭൂരിപക്ഷം 36905 ആയി ഉയർത്തി. രണ്ടു തവണയും കോൺഗ്രസിന്റെ മമ്പറം ദിവാകരനായിരുന്നു എതിർസ്ഥാനാർത്ഥി. എടക്കാടിന്റെ ഭാഗമായ പെരളശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്പിൽ ഉൾപ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശ്ശേരിയുടെ ഭാഗമായിരുന്ന ധർമടം പഞ്ചായത്തും ഉൾപ്പെടുന്നതാണ് ധർമടം മണ്ഡലം.

ധർമടത്ത് വിജയിക്കുമെന്ന് ഒരുപക്ഷേ, സുധാകരൻ പോലും വിശ്വസിച്ചിരുന്നില്ല. എന്നാൽ പിണറായിക്കെതിരെ മുട്ടിനിൽക്കാൻ കരുത്തുള്ള സുധാകരൻ മണ്ഡലത്തിൽ പോരാട്ടമുണ്ടാക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ വിശ്വസിച്ചിരുന്നു. കപ്പിനും ചുണ്ടിനുമിടയിൽ വഴുതിപ്പോയ കെപിസിസി പ്രസിഡണ്ട് പദമെന്ന സ്വപ്നം സുധാകരന് ഇപ്പോഴുമുണ്ട്. അതുകൊണ്ട് അദ്ദേഹം മത്സരിക്കുമെന്ന് കരുതിയെങ്കിലും ഹൈക്കമാൻഡ് സമ്മർദ്ദത്തിന് സുധാകരൻ വഴങ്ങിയില്ല.