തുടർച്ചയായ മൂന്നാംവട്ടവും പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ആധുനിക ത്സാൻസി റാണിയെന്നാണ് കപിൽ വിശേഷിപ്പിച്ചത്. 'അടിത്തട്ടിൽ നിന്നുയർന്ന ധൈര്യമുള്ള നേതാവും ആധുനിക ത്സാൻസി റാണിയുമായ അവർ എന്തുവെല്ലുവിളികൾ വെന്നാലും ഏത് ഗോലിയാത്തുമാരെയും തോൽപ്പിക്കുമെന്ന് തെളിയിച്ചിരിക്കുന്നു എന്നായിരുന്നു കപിൽ സിബലിന്റെ ട്വീറ്റ്. നേരത്തെ രാഹുൽ ഗാന്ധിയും മമതയുടെ വിജയത്തെ അഭിനന്ദിച്ചിരുന്നു.

അതെസമയം മമതയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് രംഗത്തെത്തി. മമത ബാനർജി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ പോലെ നിഷ്‌കരുണം രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. ബിജെപി സംസ്ഥാന ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ അവഹേളിക്കുകയാണ് മമത.

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് അംഗീകരിക്കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ചേരുന്ന നിതി ആയോഗിന്റെ യോഗങ്ങളിൽ ഒരിക്കലും മമത പങ്കെടുത്തിട്ടില്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമ സംഭവങ്ങളിൽ നിരവധിപേരാണ് കൊല്ലപ്പെട്ടത്. അധികാരം വീണ്ടും ലഭിച്ചതോടെ മമത അക്രമം അഴിച്ചുവിടുകയാണെന്നാണ് ബിജെപി ആരോപണം. എന്നാൽ ബിജെപി പ്രവർത്തകരാണ് അക്രമങ്ങൾക്ക് പിന്നിലെന്നാണ് ത്രിണമൂൽ കോൺഗ്രസിന്റെ ആരോപണം.

അതേസമയം ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മമതയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇത് മൂന്നാം ഊഴമാണ്. രാജ്ഭവനിൽ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ലളിതമായ ചടങ്ങായിരുന്നു.. ഇത്തവണ 213 സീറ്റുമായാണ് തൃണമൂൽ അധികാരത്തിലെത്തിയത്. ബിജെപിയാണ് ഇത്തവണ 77 സീറ്റോടെ പ്രതിപക്ഷ സ്ഥാനത്ത്. 2016ലെ പ്രധാന പ്രതിപക്ഷമായിരുന്ന കോൺഗ്രസ്, സിപിഎം കക്ഷികൾക്ക് ഇത്തവണ സീറ്റൊന്നും ലഭിച്ചില്ല.