തിരുവനന്തപുരം: ഇടതു മുന്നണിയിലും ക്രൈസ്തവർക്കിടയിലും കൂടുതൽ നിലയുറപ്പിക്കാൻ ലക്ഷ്യമിട്ട് ഇടതുമുന്നണിയുടെ നീക്കങ്ങൾ. കാലങ്ങളായി ഇടതുമുന്നണയിൽ ഐഎൻഎൽ പോലുള്ള ചെറു കക്ഷികൾ കൈകാര്യം ചെയ്ത ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഇക്കുറി കേരളാ കോൺഗ്രസ് എമ്മിന് നൽകി. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരെ കൂടി ലക്ഷ്യമിട്ടാണ് ജോസ് വിഭാഗത്തിന് പുതിയ പദവി നൽകിയത്.

നാർക്കോടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പിനെതിരെ വിവിധ കോണുകളിൽ നിന്നും വിവാദം ഉയർന്നെങ്കിലും അതൊക്കെ പരിഹരിക്കാൻ സർക്കാർ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്. ബിഷപ്പിനെ തൃപ്തിപ്പെടുത്താൻ വിഎൻ വാസവൻ നേരിട്ടു ബിഷപ്പ് ഹൗസിലെത്തി. ഇത്തരം സംഭവങ്ങളുടെ തുടർച്ച കൂടിയായാണ് ഇപ്പോഴത്തെ രാഷ്ട്രീയ നയം മാറ്റവും.

മുൻ സർക്കാരിന്റെ കാലത്ത് ഐഎൻഎൽ വഹിച്ചിരുന്ന സ്ഥാനമാണ് ഇത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം. കേരളാ കോൺഗ്രസിന് മുന്തിയ പരിഗണന തന്നെയാണ് ഇടതു മുന്നണി നൽകിയിരുന്നത്. എൽഡിഎഫിലെ ബോർഡ് കോർപ്പറേഷൻ വിഭജനം ഏകദേശം പൂർത്തിയാകുമ്പോൾ മൊത്തം ആറ് സ്ഥാനങ്ങളാണ് കേരളാ കോൺഗ്രസ് എമ്മിന് ലഭിച്ചിരിക്കുന്നത്. സിപിഐ കഴിഞ്ഞ തവണത്തെ അത്ര തന്നെ സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ ചെറുകക്ഷികൾക്കാണ് നഷ്ടമുണ്ടായത്.

സർക്കാർ അധികാരത്തിലെത്തി ആറ് മാസമാകുമ്പോഴാണ് ഇപ്പോൾ എൽഡിഎഫിലെ ബോർഡ് കോർപ്പറേഷൻ വിഭജനം പൂർത്തിയായിരിക്കുന്നത്. പുതുതായി വന്ന കക്ഷികൾക്ക് നൽകുന്ന സ്ഥാനമാനങ്ങളെപ്പറ്റി നിലനിന്നിരുന്ന ഭിന്നതകളാണ് ബോർഡ് കോർപ്പറേഷൻ വിഭജനം ഇത്രയും വൈകിപ്പിച്ചത്. പുതുതായി മുന്നണിയിലേക്ക് വന്ന പ്രധാന കക്ഷിയായ കേരളാ കോൺഗ്രസ് എം 15 സീറ്റുകളാണ് ചോദിച്ചത്. ആറ് ചെയർമാൻ സ്ഥാനങ്ങൾ നൽകാമെന്നുള്ള ധാരണയിലാണ് ഇപ്പോൾ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.

മുൻ സർക്കാരിന്റെ കാലത്ത് ഐഎൻഎൽ വഹിച്ചിരുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന് നൽകാനുള്ള നടപടി രാഷ്ട്രീയമായ നയം മാറ്റം കൂടിയാണ്. ഇതോടൊപ്പം കഴിഞ്ഞ തവണ ജനതാദൾ എസ് കൈവശംവെച്ചിരുന്ന കേരളാ വനം വികസന കോർപ്പറേഷനും കേരളാ കോൺഗ്രസ് എമ്മിന് ലഭിക്കും. സിപിഐ കഴിഞ്ഞ തവണത്തെ പോലെ തന്നെ 17 സ്ഥാനങ്ങൾ നിലനിർത്തി. ഇതേപ്പറ്റി അന്തിമ പ്രഖ്യാപനം അടുത്തയാഴ്ച നടക്കുന്ന യോഗത്തിന് ശേഷമുണ്ടാകുമെന്നാണ് സൂചന.

നേരത്തെ ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ കാര്യത്തിലും തന്ത്രപരമായ സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത്. മുസ്ലിംവിഭാഗത്തിന് നഷ്ടമുണ്ടാകാതെ തന്നെ ക്രൈസതവ വിഭാഗത്തിന് കൂടുതൽ പരിഗണന നൽകാൻ സർക്കാർ തയ്യാറായി. അതേസമയം ഹൈക്കോടതി വിധിക്കെതിരായ നിലപാടും ശ്രദ്ധേയമായരുന്നു. കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല.

ഹൈക്കോടതി വിധിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യാൻ തയാറായില്ല. സർക്കാർ അപ്പീൽ നൽകിയതിൽ ക്രൈസ്തവ സഭകൾ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ സുപ്രധാനമായ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് നൽകുന്നത്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിലെ 80: 20 അനുപാതം റദ്ദാക്കിയാണ് ഹൈക്കോടതി ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനാവശ്യപ്പെട്ടത്. ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിൽ അനുപാതം പുനർനിശ്ചയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമീഷന്റെ നിർദേശമനുസരിച്ച് നടപ്പാക്കിയതായിരുന്നു ന്യൂനപക്ഷ സ്‌കോളർഷിപ്പ്. ഇതിന്റെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നാക്കി 2015ൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടികാട്ടിയാണ് അനുപാതം പുനർനിശ്ചയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.

മുസ്‌ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുകളുണ്ട്. എന്നാൽ, ക്രിസ്ത്യൻ സമുഹത്തിന്റെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ആശ്രയിക്കാവുന്ന പഠന റിപ്പോർട്ടുകളില്ല. അതിനാൽ അനുപാതം നിശ്ചയിക്കാൻ പ്രയാസമാണെന്ന് ചൂണ്ടികാട്ടിയാണ് കേരളം ഹൈക്കോടതി വിധിക്കെതിരെ ഹരജി നൽകിയത്. ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിശോധിക്കാൻ ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നതുവരെയുള്ള സാവകാശം തേടിയാണ് കേരളം ഹരജി നൽകിയത്. ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്ന ആക്ഷേപവും ശക്തമാണ്. ആധികാരിക രേഖകളുടെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് അനുപാതം നിശ്ചയിക്കാമെന്നാണ് കേരളത്തിന്റെ നിലപാട്.