ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ ഇംഗ്‌ളണ്ട് ക്രിക്കറ്റ് ക്യാപ്ടൻ കെവിൻ പീറ്റേഴ്‌സൺ. അസാമിലെ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് മോദി എടുത്ത നിലപാടുകളെ പുകഴ്‌ത്തിയാണ് പീറ്റേഴ്‌സൺ രംഗത്തു വന്നത്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇന്ത്യയുടെ അഭിമാനമാണെന്നും അവയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മോദി പറഞ്ഞിരുന്നു.

യഥാർത്ഥ ജീവിതത്തിലെ നായകൻ എന്ന് മോദിയെ വിശേഷിപ്പിച്ച പീറ്റേഴ്‌സൺ മറ്റ് ലോകരാഷ്ട്രങ്ങളിലെ നേതാക്കന്മാർ ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ട് പഠിക്കണമെന്നും അഭിപ്രായപ്പെട്ടു.അസാമിൽ കാണ്ടാമൃഗത്തെ വേട്ടയാടുന്നതിനെതിരെ സർക്കാരിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികൾ ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച കാണ്ടാമൃഗത്തിന്റെ 2479 കൊമ്പുകൾ കത്തിച്ച് കാണ്ടാമൃഗ വേട്ടയ്‌ക്കെതിരെ അസാം ജനത പ്രതിജ്ഞ എടുത്തിരുന്നു.

കാണ്ടാമൃഗത്തിന്റെ ശരീരത്തിൽ ഉള്ള കൊമ്പിന് മാത്രമേ അസാമിൽ ഇനിമേൽ വിലയുള്ളു എന്ന് കാണിക്കുന്നതിനു വേണ്ടിയാണ് ഇത് ചെയ്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ്മ അന്ന് വ്യക്തമാക്കി. കാണ്ടാമൃഗത്തിന്റെ വേട്ടയ്‌ക്കെതിരെയുള്ള ഈ പ്രചാരണ പരിപാടിക്ക് മോദി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.