കൊല്ലം : കൊച്ചിക്കും കാസർഗോഡിനും പിന്നിലെ കൊല്ലത്തും മയക്കുമരുന്ന് വേട്ട. കിളികൊല്ലൂർ പ്രിയദർശിനി നഗറിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു കച്ചവടവും പാർട്ടിയും. മയക്കുമരുന്ന് പാർട്ടി നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേർ പിടിയിലാവുകയും ചെയ്തു. നാലുപേരുടെപേരിൽ എക്‌സൈസ് കേസെടുത്തു. അപ്പാർട്ട്‌മെന്റിലെ മറ്റു ചില താമസക്കാർക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.

ആശ്രാമം കാവടിപ്പുറം പുത്തൻകണ്ടത്തിൽ ദീപു (26), തഴുത്തല പേരയം മണിവീണവീട്ടിൽ ലീന (33), കിളികൊല്ലൂർ കോതേത്ത് പ്രിയദർശിനി നഗറിൽ ആഷിയാന അപ്പാർട്ട്‌മെന്റിൽ ശ്രീജിത് (27), എന്നിവരാണ് അറസ്റ്റിലായത്. ലീന നഗരത്തിലെ പ്രധാന മയക്കുമരുന്ന് ഏജന്റാണെന്നാണ് സൂചന. ഫ്‌ളാറ്റിൽനിന്ന് ചാടി രക്ഷപ്പെട്ട കൊല്ലം ആശ്രാമം സൂര്യമുക്ക് സ്വദേശി ദീപു(28)വിന്റെപേരിലും കേസെടുത്തു. ഇയാൾ കൊലപാതകക്കേസിലും ലഹരിമരുന്നുകടത്ത് കേസുകളിലും പ്രതിയാണ്.

ഓപ്പറേഷൻ മോളിയുടെ ഭാഗമായിരുന്നു പരിശോധന. അപ്പാർട്ട്‌മെന്റിലെ മറ്റു ചില താമസക്കാർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ബുധൻ വൈകിട്ട് ഫ്‌ളാറ്റിൽനിന്നു പാട്ടും നൃത്തവും അസഹ്യമായതോടെ സ്ഥലവാസികൾ എക്‌സൈസിൽ പരാതിപ്പെടുകയായിരുന്നു. അസിസ്റ്റന്റ് കമീഷണർ റോബർട്ടിന്റെ നിർദേശപ്രകാരം സ്ഥലത്തെത്തിയ കൊല്ലം ആന്റി നർക്കോട്ടിക് സ്‌ക്വാഡിലെ സിഐ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മൂന്നാംനിലയിലെ ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്.

ഫ്‌ളാറ്റിലെത്തിയ എക്‌സൈസ് സംഘത്തെ ലഹരിയിലായിരുന്ന യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചു. തൊട്ടുപുറകെയെത്തിയ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തിൽ പതറിയ സംഘം മയക്കുമരുന്ന് ശൗചാലയത്തിൽ ഉക്ഷേപിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. മയക്കുമരുന്നുമായി പിടിയിലാകുന്നത് ഒഴിവാക്കാനായി രണ്ടു യുവാക്കൾ പിൻവാതിൽ വഴി ബാൽക്കണിയിൽനിന്ന് താഴേക്കു ചാടി. ഒരാളെ ഗുരുതര പരിക്കുകളോടെ എക്‌സൈസ് പിടികൂടി. മറ്റൊരാൾ രക്ഷപ്പെട്ടു.

പരിക്കേറ്റ പുത്തൻകണ്ടത്തിൽ ദീപുവിന്റെ ദേഹപരിശോധനയിൽ മാരക രാസ മയക്കുമരുന്നായ എം.ഡി.എം.എ. കണ്ടെടുത്തു. ഫ്‌ളാറ്റിൽ നടത്തിയ തിരച്ചിലിലും യുവാക്കൾ ഉപയോഗിച്ച സ്‌കൂട്ടറിൽനിന്നും കഞ്ചാവും മറ്റും കണ്ടെത്തി. എം.ഡി.എം.എ.യും കഞ്ചാവും കൈവശംെവച്ചതിന് ദീപുവിന്റെ പേരിൽ നേരത്തേയും കേസുണ്ട്.

ഇതിൽ കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി.സുരേഷിന്റെ അന്വേഷണത്തിൽ പ്രധാന പ്രതിയായ ചെന്നൈ സ്വദേശി ബ്ലെസൻ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫ്‌ളാറ്റ് കേസ് പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഒരു വർഷത്തിനിടയിൽ മൂന്നുകോടിയോളം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിരുന്നു.

ജാമ്യത്തിലിറങ്ങിയ ദീപു വീണ്ടും എക്‌സൈസ് പിടിയിലാകുകയായിരുന്നു. കൊല്ലം കേന്ദ്രീകരിച്ചുള്ള സിന്തറ്റിക് ലഹരി വസ്തുക്കളുടെ കച്ചവടക്കാരിൽ പ്രധാനിയാണ്. പിടിയിലായവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ ബി സുരേഷ് അറിയിച്ചു. ലഹരിപ്പാർട്ടിയിൽ പങ്കെടുത്തെന്നു സംശയിക്കുന്ന കൂടുതൽപേർ നിരീക്ഷണത്തിലാണ്.