കോട്ടയം: ഇത്തവണ കേരളം ആകാംക്ഷയോടെ തെരഞ്ഞെടുപ്പു ഫലം കാതോർക്കുന്നത് കോട്ടയം ജില്ലയിൽ നിന്നാകും. കേരളാ കോൺഗ്രസുമായുള്ള എൽഡിഎഫ് ബാന്ധവം എത്രകണ്ട് ഫലപ്രദമായി എന്നറിയാൻ കോട്ടയം ജില്ലയിൽ മികച്ച വിജയം തന്നെ മുന്നണിക്ക് വേണ്ടും. ജില്ലാ എൽഡിഎഫ് യോഗം വിലയിരുത്തുന്നത് അനുസരിച്ചാണെങ്കിൽ ഇക്കുറി കോട്ടയം ജില്ലയിൽ വലിയ നേട്ടമുണ്ടാക്കാൻ ഇടതുമുന്നണിക്ക് സാധിക്കും. സിപിഎം വിലയിരുത്തലും ഇങ്ങനെയാണ്.

പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങൾ ഒഴികെ കോട്ടയം ജില്ലയിലെ 7 മണ്ഡലങ്ങളിലും വിജയിക്കാമെന്ന് സിപിഎം വിലയിരുത്തൽ. പോളിങ്ങിനു ശേഷം ബൂത്ത് തലത്തിലെ കണക്കുകൾ ശേഖരിച്ച് സിപിഎം ജില്ലാ നേതൃത്വം നടത്തിയ വിലയിരുത്തലിലാണ് എൽഡിഎഫിനു വലിയ വിജയം കിട്ടുമെന്ന പ്രതീക്ഷ നൽകുന്നത്. കണക്കുകൾ സംസ്ഥാന നേതൃത്വത്തിനു സിപിഎം ജില്ലാ നേതൃത്വം കൈമാറി. കേരള കോൺഗ്രസിന്റെ (എം) വരവ് എൽഡിഎഫിനു ഗുണമായെന്നും സിപിഎം വിലയിരുത്തുന്നു.

ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായവും ഒരുപോലെ ഇടതു മുന്നണിയെ പിന്തുണച്ചു എന്നാണ് സിപിഎം വിലയിരുത്തുന്നത്. സർക്കാരിന്റെ നേട്ടങ്ങളും ഗുണമായി. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചില്ലെന്നും സിപിഎം കരുതുന്നു. എൻഎസ്എസിന്റെ നിലപാട് അത്രകണ്ട് പ്രതികൂലമായില്ലെന്നുമാണ് പാർട്ടി വിലയിരത്തുന്നത്.

കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിൽ യുഡിഎഫിനു മേൽക്കൈ ഉണ്ടെന്നും കോട്ടയം മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് മത്സരം നടന്നുവെന്നും സിപിഎം വിലയിരുത്തുന്നു. പുതുപ്പള്ളിയിൽ യുഡിഎഫ് 5000ൽ ഏറെ വോട്ടുകൾക്കു മുന്നിലും കോട്ടയത്ത് യുഡിഎഫ് 3000 വോട്ടുകൾക്കു മുന്നിലുമാകുമെന്നാണ് സിപിഎം വിലയിരുത്തൽ.

ഘടക കക്ഷികളുടെ മണ്ഡലത്തിലാണ് എൽഡിഎഫ് മികച്ച വിജയം പ്രതീക്ഷിക്കുന്നത്. വൈക്കം, പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. സിപിഎം സിറ്റിങ് സീറ്റായ ഏറ്റുമാനൂരിൽ ഏകദേശം 9000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. കോട്ടയത്ത് 3 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. ഏറ്റുമാനൂരിലും പുതുപ്പള്ളിയിലും കോട്ടയത്തും. ഇതിൽ ഒരു സീറ്റിലേ വിജയപ്രതീക്ഷ വയ്ക്കുന്നുള്ളൂ.

ശക്തമായ മത്സരം നടന്ന പാലായിൽ ഇടതു മുന്നണി വിജയിച്ചു കയറുമെന്ന് തന്നെയാണ് വിലയിരുത്തൽ. പാലായിൽ പാലാ 18,500 വോട്ടുകൾക്കെങ്കിലും ജോസ് കെ മാണി വിജയിക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. യുഡിഎഫ് കോട്ടയെന്ന് കരുതുന്ന കടുത്തുരുത്തിയിലും ഇക്കുറി അട്ടിമറി ഉണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. കടുത്തുരുത്തിയിൽ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

ശക്തമായ ത്രികോണ മത്സരം നടന്ന പൂഞ്ഞാറിലും എൽഡിഎഫിനാണ് വിജയപ്രതീക്ഷയുള്ളത്. ഇടിവെ 10,000 വോട്ടിന്റെ ഭൂരിപക്ഷം ഇടതു സ്ഥാനാർത്ഥി പ്രതീക്ഷിക്കുന്നു. കാഞ്ഞിരപ്പള്ളിയിൽ 15,000 വോട്ടുകൾക്ക് വിജയിക്കുമെന്നാണ് കണക്കൂകൂട്ടൽ. ചങ്ങനാശേരിയിൽ 5000 വോട്ടിനും വൈക്കത്ത് 20,000 വോട്ടിനും ഏറ്റുമാനൂർ 9000 വോട്ടിന്റെയും ഭൂരിപക്ഷമാണ് ഇടതു കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്.