തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ 14 ജില്ലകളും സന്ദർശിക്കും. ഡിസിസി അധ്യക്ഷന്മാർ ചുമതലയേറ്റതിന്റെ പിന്നാലെയാണ് സുധാകരൻ വിവിധ ജില്ലകളിൽ പര്യടനം നടത്തുന്നത്. ഈ മാസം 30 വരെ നീണ്ടു നിൽക്കുന്ന സന്ദർശന പരിപാടിക്കാണ് അദ്ദേഹം തുടക്കമിടുന്നത്. കോട്ടയം ജില്ലാ സന്ദർശനത്തോടെ ഇന്ന് പര്യടനത്തിന് തുടക്കമായി.

ആളെ കൊല്ലുന്ന ചെന്നായ്ക്കൂട്ടങ്ങളിലേയ്ക്കല്ല, ബഹുസ്വരതയുടെ മനോഹാരിതയുമായി രാജ്യത്തിന്റെ പ്രതീക്ഷയായി നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലേയ്ക്കാണ് പുതിയ തലമുറ ചേക്കേറേണ്ടതെന്ന് കെ സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചു, സ്വയം നവീകരിക്കപ്പെടുന്ന ഈ പ്രസ്ഥാനത്തിന്റെ ഉറച്ച നിലപാടുകളും നയങ്ങളും പുതിയ കുട്ടികളെ ആകർഷിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സുധാകരന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ: 

14 ജില്ലകളിലും പുതിയ DCC അധ്യക്ഷന്മാർ സ്ഥാനമേറ്റിരിക്കുന്നു. പ്രസ്ഥാനത്തെ കൂടുതൽ ശക്തമാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഈ നാടും നാട്ടുകാരും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂല്യവും പ്രസക്തിയും തിരിച്ചറിയുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മൂവർണ്ണക്കൊടി കൈകളിലേന്തി ഈ രാജ്യത്തിനെ മുന്നോട്ട് നയിക്കാൻ കൂടുതൽ കുട്ടികൾ കടന്നു വരണം. ആളെ കൊല്ലുന്ന ചെന്നായ്ക്കൂട്ടങ്ങളിലേയ്ക്കല്ല, ബഹുസ്വരതയുടെ മനോഹാരിതയുമായി രാജ്യത്തിന്റെ പ്രതീക്ഷയായി നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിലേയ്ക്കാണ് പുതിയ തലമുറ ചേക്കേറേണ്ടത്. സ്വയം നവീകരിക്കപ്പെടുന്ന ഈ പ്രസ്ഥാനത്തിന്റെ ഉറച്ച നിലപാടുകളും നയങ്ങളും പുതിയ കുട്ടികളെ ആകർഷിക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്.

രാജ്യവും സംസ്ഥാനവും ഭരണകൂട കെടുകാര്യസ്ഥതയുടെ പേരിൽ നേരിടുന്ന ദുരിതങ്ങൾ ചൂണ്ടിക്കാണിച്ച് ഉചിതമായ പ്രതിഷേധങ്ങൾ ഉയരേണ്ട സമയം ആഗതമായിരിക്കുന്നു. ജനപക്ഷത്ത് പ്രതിപക്ഷം മാത്രമാണുള്ളത്. ജന വിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ സമരകാഹളം ഉടൻ മുഴങ്ങും. ഒന്നിച്ചൊന്നായി കൂടുതൽ കരുത്തോടെ നീങ്ങേണ്ട സമയമാണ്.KPCC യുടെ അധ്യക്ഷനായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായി എല്ലാ DCCകളിലും പര്യടനം നടത്താൻ തീരുമാനിച്ചിരിക്കുന്നു.

16-09-21 കോട്ടയം &ഇടുക്കി
17 -09-21 എറണാകുളം & തൃശൂർ
18-09-21 ആലപ്പുഴ & പത്തനംതിട്ട
21-09-21 കണ്ണൂർ & കാസർകോട്
24-09-21 തിരുവനന്തപുരം & കൊല്ലം.
25-09-21 കോഴിക്കോട് & വയനാട്
30-09-21 പാലക്കാട് & മലപ്പുറം,
എന്ന ക്രമത്തിലായിരിക്കും സന്ദർശനങ്ങൾ . പ്രാദേശിക നേതാക്കളടക്കം ഓരോ ജില്ലയിലെയും പ്രധാന നേതാക്കളുമായി ചുരുങ്ങിയ സമയത്തിൽ സംവദിക്കും.
ഒറ്റക്കെട്ടായ് മുന്നോട്ട്...
ജയ് ഹിന്ദ്!