പഞ്ചാബ്: സുവർണക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. പഞ്ചാബിലെ അട്ടാരി ഗ്രാമത്തിലാണ് ആറുപേർ ചേർന്ന് യുവതിയെ ബലാത്സം​ഗം ചെയ്തത്. പഞ്ചാബിലെ ഫാസിൽക്ക ജില്ലയിലുള്ള യുവതിയാണ് പീഡനത്തിനിരയായത്. സുവർണ ക്ഷേത്രവും, ഗുരുദ്വാര ഷഹിദൻ സാഹിബും സന്ദർശിക്കാൻ എത്തിയതായിരുന്നു യുവതി.

തിരികെ പോകാൻ നിൽക്കുമ്പോഴാണ് പ്രതികളിൽ ഒരാൾ വാഗാ ബോർഡറിലെ അട്ടാരിയിലെത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ സമീപിച്ചത്. തുടർന്ന് പ്രീത് നഗറിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് യുവതിയെ എത്തിച്ച് ഇയാളും സുഹൃത്തുക്കളായ അഞ്ചുപേരും ചേർന്ന് യുവതി ബലാത്സംഗത്തിന് ഇരയാക്കി. അടുത്ത ദിവസം പ്രതി യുവതിയെ അമൃത്സറിലെ ഇന്ത്യാ ഗേറ്റിൽ എത്തിച്ചു. തുടർന്ന് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.