കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കൂടോത്രം ചെയ്തു തോല്‍പ്പിക്കാന്‍ ശ്രമിച്ചതാര്? വീട്ടില്‍ നിന്നും കൂടോത്രം കണ്ടെത്തിയ വീഡിയോ പുറത്തുവന്നതോടെ ഈ ചോദ്യം കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാകുകയാണ്. പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ എതിരാളികളാണോ അതോ പാര്‍ട്ടിക്ക് പുറത്തുള്ളവരാണോ ഈ കൂടോത്രത്തിന് പിന്നിലെന്നാണ് ചോദ്യം. എന്തായാലും ഈ കൂടോത്ര രാഷ്ട്രീയം വരും ദിവസങ്ങളിലും ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പാണ്.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ കണ്ണൂര്‍ നടാലിലെ വസതിയില്‍ നിന്നും കൂടോത്ര വസ്തുക്കള്‍ കണ്ടെത്തിയ വീഡിയോയാണ് പുറത്തുവന്നത്. ഒന്നര വര്‍ഷങ്ങള്‍ മുമ്പുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. അക്കാലത്ത് സുധാകരന് ആരോഗ്യപ്രശ്‌നങ്ങളും രാഷ്ട്രീയ നാവുപിഴകളുമെല്ലാം അലട്ടിയിരുന്നു. ഇതിനിടെയാണ് കൂടോത്ര സംശയം ഉണ്ടാകുന്നതും പരിശോധിക്കുന്നരും.

രാജ്‌മോഹന്‍ ഉണ്ണിത്താനാണ് കെപിസിസി അധ്യക്ഷനെ കൂടോത്ര വിഷയത്തില്‍ സഹായിക്കാന്‍ എത്തിയത്. പത്തനംതിട്ടയില്‍ നിന്നും മന്ത്രവാദികളെത്തിയാണ് കൂടോത്രം കണ്ടെടുത്തതും അതിന് പരിഹാരം ചെയ്തതുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ അടക്കം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

എം.പിയെന്ന നിലയില്‍ പൊലിസ് സുരക്ഷയുള്ള ഈ വീടിന്റെകന്നി മൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത്. കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നുള്ള നിര്‍ണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതിന് പിന്നിലെ കാരണമെന്ത് എന്നതും ചോദ്യമായി ഉയരുന്നുണ്ട്.

സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. സൂക്ഷിക്കണമെന്നും തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നുമാണ് ഉണ്ണിത്താന്‍ വീഡിയോയില്‍ പറയുന്നത്. തനിക്കു കാലിനു ബലം കുറയുകയും നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുകയും ചെയ്തിരുന്നതായും ഇടയ്ക്ക് ടെന്‍ഷനും വെപ്രാളവും വരാറുള്ളത് ഇതുകൊണ്ടാണെന്നോയെന്നു സംശയിക്കുന്നതായും സുധാകരന്‍ ഉണ്ണിത്താനോടു പറയുന്നതായി ഈ വീഡിയോയില്‍ കേള്‍ക്കാം.

ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷന്റെ ഇരിപ്പിടത്തിനടിയിലും , പേട്ടയിലെ മുന്‍ താമസ സ്ഥലത്തിനും പുറമേ ഡല്‍ഹിയിലെ നര്‍മ്മദ ഫ്‌ലാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തതായി പറയുന്നുണ്ട്. ഇരുപതോളം തകിടുകള്‍ ഇത്തരത്തില്‍ പുറത്തെടുത്തെന്നാണു സൂചന. പല തരത്തിലുള്ള കോലങ്ങളും മറ്റും ആലേഖനം ചെയ്തതായാണ് ആരോപണം.

ഒന്നര വര്‍ഷം മുന്‍പുള്ള വീഡിയോയുടെ ആധികാരികതയെ കുറിച്ചും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. പുറത്തുവന്ന വിഡിയോയെക്കുറിച്ച് അറിയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചു. കൂടോത്രം നടന്നിട്ടുണ്ടോയെന്ന് വീഡിയോ പുറത്തുവിട്ടവരോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ പുറത്തുവന്നതിനെക്കുറിച്ച് അറിയില്ലെന്ന് കെ.സുധാകരന്റെ പഴ്‌സനല്‍ അസിസ്റ്റന്റും പ്രതികരിച്ചു. സംഭവത്തില്‍ വിവാദമായെങ്കിലും കെ സുധാകരന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ, വി.എം. സുധീരന്‍ കെപിസിസി അധ്യക്ഷനായിരുന്ന സമയത്തും 'കൂടോത്ര'വിവാദം ഉയര്‍ന്നിരുന്നു. കുമാരപുരത്തെ വീട്ടില്‍നിന്നും ഒന്‍പതു തവണ കൂടോത്രം കണ്ടെത്തിയതായി സുധീരന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.