തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ 25 ലക്ഷം പേരെ അണിനിരത്തിയാണ് പ്രതിഷേധം നടത്തിയത്.വിവിധ കേന്ദ്രങ്ങളിൽ മുതിർന്ന നേതാക്കൾ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.തൃശ്ശൂരിൽ എൽഡിഎഫ് പ്രതിഷേധ പരിപാടി എംഎ ബേബി ഉദ്ഘാടനം ചെയ്തു.

കുത്തകകൾക്ക് തടിച്ച് കൊഴുക്കാനുള്ള സാമ്പത്തിക നയമാണ് കോൺഗ്രസിന്റെയും ബിജെപിയുടേതുമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എംഎ ബേബി. ഇന്ധന വില വർധന പട്ടാപ്പകൽ നടക്കുന്ന തീവെട്ടിക്കൊള്ളയാണ്. കോൺഗ്രസും ബിജെപിയും അനിയൻ ബാവ, ചേട്ടൻ ബാവ പോലെയാണ്. ഇന്ധന വില വർധിച്ചിട്ടും കേരളത്തിൽ വിലക്കയറ്റം അനുഭവപ്പെടാതിരുന്നത് കിറ്റ് വിതരണം ഫലപ്രദമായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ തെറ്റായ നിലപാടിലാണ് 100 രൂപയ്ക്ക് പെട്രോൾ വാങ്ങേണ്ടി വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. കേന്ദ്രസർക്കാരിന് പണത്തിന്റെ ബുദ്ധിമുട്ട് വരുമ്പോൾ ഇന്ധന വില വർധിപ്പിക്കുന്ന രീതിയാണ്. പാവപ്പെട്ടവന്റെ പോക്കറ്റടിക്കുന്ന നടപടിയാണിത്. ലോകത്ത് ഏറ്റവും കൂടുതൽ വിലയ്ക്ക് പെട്രോൾ വിൽക്കുന്നത് ഇന്ത്യയിലാണ്. കേന്ദ്ര ധനമന്ത്രിയുടെ ഉത്തേജക പാക്കേജിൽ എന്തെങ്കിലും നാട്ടിൽ കിട്ടുമോയെന്നും എ.വിജയരാഘവൻ ചോദിച്ചു.

ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമല്ല പെട്രോളിന്റെയും ഡീസലിന്റെയും വില. കഴിഞ്ഞ ആറ് മാസക്കാലം നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വർധിച്ചു. കേരളത്തിലെ ജനത്തിന് വിലക്കയറ്റം കുറച്ചേ അനുഭവിക്കേണ്ടി വരുന്നുള്ളൂ. അത് കേരളത്തിലെ ഇടത് സർക്കാർ കിറ്റ് വിതരണം ചെയ്യുന്നതുകൊണ്ടാണ്.പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച് കേന്ദ്രസർക്കാരിന് കിട്ടുന്നത് ലക്ഷക്കണക്കിന് കോടി രൂപയാണ്. സൈക്കിൾ സവാരി നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിഷേധിച്ചത് നല്ല കാര്യം തന്നെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.