കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തെരഞ്ഞടുപ്പ് റാലിയെ ട്രോളി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബംഗാളിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുമെന്ന മോദിയുടെ പരാമർശത്തെയാണ് മഹുവ മൊയ്ത്ര പരിഹസിച്ചത്. ബിജെപി കഴിഞ്ഞ ഏഴുവർഷം ചെയ്തത് വെച്ചു നോക്കുമ്പോൾ ശരിയായ മാറ്റം കൊണ്ടുവരുമെന്നതിൽ ഒട്ടും സംശയിക്കാനില്ലെന്നാണ് മഹുവ പരിഹാസ രൂപേണ പറഞ്ഞത്. കഴിഞ്ഞ ഏഴുവർഷം ഇന്ത്യയുടെ ഘടനയിൽ ബിജെപി ചെയ്തത് വെച്ചുനോക്കുമ്പോൾ മാറ്റം കൊണ്ടുവരുമെന്ന് മോദി പറഞ്ഞത് വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ലെന്നും മഹുവ പറഞ്ഞു.

കൊൽക്കത്ത റാലിക്കിടെയാണ് പശ്ചിമ ബംഗാളിൽ ശരിയായ മാറ്റം കൊണ്ടുവരുമെന്ന് നരേന്ദ്ര മോദി പറഞ്ഞത്. മമത ബംഗാളിന്റെ പ്രതീക്ഷ തകർത്തുവെന്നും സുവർണ ബംഗാളിനായി ജനം വിധിയെഴുതുമെന്നും മോദി കൊൽക്കത്ത റാലിയിൽ പറഞ്ഞു. യഥാർത്ഥ മാറ്റം എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രതികരണം.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയത്. ഇടതു പാർട്ടികൾക്കെതിരെയും മോദി റാലിയിൽ വിമർശനം ഉന്നയിച്ചു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പശ്ചിമ ബംഗാളിലേക്ക് ഉടൻ പുറപ്പെടുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു, സർക്കാരിപ്പോൾ കൊൽക്കത്തയിലാണ് അതുകൊണ്ട് കർഷകരും കൊൽക്കത്തയ്ക്ക് പുറപ്പെടുകയാണ് എന്നാണ് രാകേഷ് ടികായത് പറഞ്ഞത്.