ബർലിൻ: കോട്ടയം സ്വദേശിയായ മലയാളി വിദ്യാർത്ഥിനിയെ ജർമനിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കീൽ ക്രിസ്റ്റ്യൻ ആൽബ്‌റെഷ്ട് യൂനിവേഴ്‌സിറ്റിയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ മെഡിക്കൽ ലൈഫ് സയൻസിൽ പഠിക്കുന്ന നിതിക ബെന്നി മുടക്കമ്പുറത്തെ (22) ആണ് സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയാണ് നികിത. നിതികയെ പുറത്തുകാണാതിരുന്നതിനെ തുടർന്ന് മലയാളി സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റലിലെ ഏഴാമത്തെ നിലയിലുള്ള മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ എമർജൻസി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടർന്ന് പൊലീസ് എത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി മരിച്ചിരിക്കാമെന്നാണ് കരുതുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണ കാരണം സ്ഥിരീകരിക്കാനാവൂ. നിതിക ആറു മാസം മുമ്പാണ് ജർമനിയിൽ പഠനത്തിനായി എത്തിയത്.