തൃശൂർ: ഓടിക്കൊണ്ടിരിക്കേ, എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്‌പ്രസിന്റെ എൻജിൻ ബോഗിയിൽ നിന്ന് വേർപെട്ടു. വേർപെട്ട എൻജിൻ ഏതാനും മീറ്ററുകൾ ഓടി. എൻജിൻ വേർപ്പെട്ട കാര്യം ഉടൻ ശ്രദ്ധിച്ച ലോകോ പൈലറ്റ് എൻജിൻ നിർത്തുകയായിരുന്നു.

ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നേ മുക്കാലോടെ തൃശൂർ സ്റ്റേഷൻ വിട്ടയുടനെയാണ് സംഭവം. തൃശൂർ സ്റ്റേഷൻ വിട്ട് പൂങ്കുന്നം സ്റ്റേഷൻ എത്തുന്നതിന് മുമ്പായാണ് സംഭവമുണ്ടായത്. സ്റ്റേഷനിൽ നിർത്തി പുറപ്പെട്ടതിനാൽ ട്രെയിനിന് അധികം വേഗതയില്ലായിരുന്നു. ഇത് വൻ അപകടം ഒഴിവാക്കി.

എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിന്റെ കപ്ലിങ് ആണ് വേർപെട്ടത്. റെയിൽവേ ഉദ്യോഗസ്ഥരെത്തി 15 മിനുട്ടിന് ശേഷം അറ്റകുറ്റപ്പണികൾ നിർവഹിച്ചതിനെ തുടർന്നാണ് യാത്ര പുനരാരംഭിച്ചത്. അതിനിടെ പരിഭ്രാന്തരായ യാത്രക്കാർ പുറത്തിറങ്ങി. റെയിൽവേ ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തും. ട്രെയിൻ വേഗത്തിലായിരുന്നെങ്കിൽ വേർപെട്ട ബോഗി എൻജിനിലേക്ക് ഇടിച്ചുകയറി വലിയ അപകടമുണ്ടാകുമായിരുന്നു.