കവാർധ: മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ചത്തീസ്ഗഡിൽ യുവ പാസ്റ്റർക്കെതിരെ ആൾക്കൂട്ടാക്രമണം. നൂറിലേറെ പേരടങ്ങിയ സംഘമാണ് വീട്ടിലേക്ക് അതിക്രമിച്ചെത്തി പാസ്റ്ററെയും കുടുംബത്തെയും ക്രൂരമായി മർദ്ദിച്ചത്.മതപരിവർത്തനം നടത്തരുത് എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഈ സംഘമെത്തിയത്. ഇവർ വീട്ടിലെ വസ്തുവകകൾ തല്ലിതകർക്കുകയും ചെയ്തു. ചത്തീസ്ഗഡിലെ കബീർദാം ജില്ലയിലെ പൊൽമി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.

അക്രമത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; 'രാവിലെ 11 മണിയോടെ പാസ്റ്റർ കവാൽസിങ് പരസ്തേയുടെ വീട്ടിൽ ചില പ്രാർത്ഥനകൾ നടക്കുകയായിരുന്നു. ഇതിനിടെ നൂറിലേറെ പേരടങ്ങിയ ഒരു ആൾക്കൂട്ടം വീട്ടിലേക്ക് ഇരച്ചെത്തുകയും പ്രാർത്ഥന പുസ്തകങ്ങളും ആരാധന ഉപയോഗിക്കുന്ന വസ്തുക്കളും വീട്ടിലുള്ള മറ്റു വസ്തുക്കളുമെല്ലാം തല്ലിതകർക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം,' കബീർദാം എസ്‌പി മോഹിത് ഗർഗ് പറഞ്ഞു.പാസ്റ്ററെയും കുടുംബത്തിലെ സ്ത്രീകളടക്കമുള്ളവരെയും മർദിച്ചവശരാക്കിയ ശേഷം ഈ സംഘം രക്ഷപ്പെട്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാനത്തെ ക്രിസ്ത്യൻ ഗ്രൂപ്പുകൾ രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാന് സർക്കാരും പൊലീസും തയ്യാറാകുന്നില്ലെന്ന് ചത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് അരുൺ പന്നലാൽ പറഞ്ഞു.

'കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പത്തിലേറെ സ്ഥലങ്ങളിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടന്നു. ഇവയിലൊന്നിൽ പോലും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. ഞങ്ങൾക്ക് നീതി വേണം. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് അക്രമിസംഘങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണ തന്നെയാണ് വ്യക്തമാക്കുന്നത്,' അരുൺ പന്നലാൽ പറയുന്നു.

വളരെ അപകടകരമായ പ്രവണതയാണിതെന്നും അടുത്ത കാലത്തായി ഇത്തരം ആക്രമണങ്ങൾ വളരെയധികം വർദ്ധിച്ചുവെന്നും പറഞ്ഞ അരുൺ പന്നലാൽ ഇത്തരം സംഭവങ്ങളിൽ കൃത്യമായ നടപടികളുണ്ടാകാത്തത് വേദനാജനകമാണെന്നും കൂട്ടിച്ചേർത്തു.ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ സംരക്ഷിക്കാൻ പ്രത്യേകം സ്‌ക്വാഡ് രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ അറിയിച്ചു.

ക്രിസ്ത്യൻ പള്ളികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പൊലീസ് അവശ്യ നടപടികൾ സ്വീകരിക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുമെന്നും അരുൺലാൽ അറിയിച്ചു.