ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ അഞ്ചിന് കേദാർനാഥ് സന്ദർശിക്കും. ശൈത്യകാലത്ത് ക്ഷേത്രം അടച്ചിടുന്നതിന് ഒരുദിവസം മുൻപാണ് മോദിയുടെ സന്ദർശനം. 400 കോടിയുടെ കേദാർപുരി പുനർനിർമ്മാണ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.

ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി ഉത്തരാഖണ്ഡ് സന്ദർശിക്കുന്നത്. ഋഷികേശിലെ എയിംസ് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ഒക്ടോബർ ഏഴിന് മോദി സംസ്ഥാനത്ത് എത്തിയിരുന്നു.

മോദിയുടെ കേദാർനാഥ് സന്ദർശനം ഉത്താരഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കാർ സിങ് ധാമി സ്ഥിരീകരിച്ചു. ഹിമാലയ ക്ഷേത്രങ്ങളിലെ പ്രാർത്ഥനയ്ക്കൊപ്പം കേദാർപുരിയിലെ വിവിധ വികസനപദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യരുടെ പ്രതിമയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

2014ൽ പ്രധാനമന്ത്രിയായതിന് ശേഷം നിരവധി തവണ മോദി കേദാർനാഥ് ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മോദി കേദാർനാഥ് സന്ദർശനം ഒഴിവാക്കിയിരുന്നു.