ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച ജി 20 രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. അധ്യക്ഷത വഹിക്കുന്ന ഇറ്റലിയുടെ ക്ഷണമനുസരിച്ച് മോദി വെർച്വലായി യോഗത്തിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ മാനുഷികമായ ആവശ്യങ്ങൾ, ഭീകരവാദം, ആ രാജ്യത്തെ ജനങ്ങൾക്കുള്ള പിന്തുണ, അഭയാർഥി പ്രശ്‌നം തുടങ്ങിയവ ഉച്ചകോടി ചർച്ച ചെയ്യും. കഴിഞ്ഞ മാസം ഷാങ്ഹായ് സഹകരണ കോർപറേഷൻ യോഗത്തിലും യുഎൻ ജനറൽ അസംബ്ലിയിലും പ്രധാനമന്ത്രി അഫ്ഗാൻ വിഷയം പരാമർശിച്ചിരുന്നു.

അഫ്ഗാൻ സംഭവവികാസങ്ങളെക്കുറിച്ച് മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കഴിഞ്ഞ ദിവസം ഫോണിൽ ചർച്ച നടത്തിയിരുന്നു. ബ്രിട്ടനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചും വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും ചർച്ച ചെയ്തു.

അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവാദം തടയാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും രാജ്യാന്തര കാഴ്ചപ്പാടുണ്ടാകേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്തു.