കാബൂൾ: മുഹമ്മദ് നബി ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകും. രാജിവച്ച റാഷിദ് ഖാന് പകരമായാണ് നിയമനം. ട്വന്റി 20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് റാഷിദ് അപ്രതീക്ഷിതമായി ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. റാഷിദ് ഖാനെ നായകനാക്കി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് അര മണിക്കൂർ പോലും തികയും മുൻപേയാണ് രാജി അറിയിച്ചത്.

അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള 16 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ഒരു ടീമിൽ 15 അംഗങ്ങളും മൂന്ന് റിസർവ് താരങ്ങളും എന്ന ഐസിസി ചട്ടം നിലനിൽക്കെയാണ് 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപിച്ച് 22 മിനിറ്റിനുള്ളിൽ ഉടനടി ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച് റാഷിദ് ഖാനും ട്വീറ്റ് ചെയ്തു.

 

'ക്യാപ്റ്റനെന്ന നിലയിൽ എനിക്കു രാജ്യത്തോട് ഉത്തരവാദിത്തമുണ്ട്. ടീം സിലക്ഷനിൽ ഭാഗമാകാൻ അവകാശവുമുണ്ട്. അഫ്ഗാൻ ക്രിക്കറ്റിന്റെ മീഡിയ വിഭാഗം ഇന്നു പ്രഖ്യാപിച്ച ടീമുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം ആരായുകയോ സമ്മതം ചോദിക്കുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനാണ് എന്റെ തീരുമാനം. എങ്കിലും അഫ്ഗാൻ ടീമിനായി കളിക്കാനുള്ള അവസരം അഭിമാനമായിത്തന്നെ കാണുന്നു റാഷിദ് ട്വിറ്ററിൽ കുറിച്ചു.

അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ, അടുത്തിടെ ടീമിലില്ലാത്ത പലരും അപ്രതീക്ഷിതമായി ഇടംപിടിച്ചിരുന്നു. ഒരു വർഷത്തോളമായി വിലക്കിലായിരുന്ന മുഹമ്മദ് ഷഹ്‌സാദും ഇക്കൂട്ടത്തിലുണ്ട്. കുറച്ചുകാലമായി ടീമിലില്ലാത്ത പേസ് ദ്വയം ഷപൂർ സദ്രാൻ ദൗലത്ത് സദ്രാൻ എന്നിവരെയും ഉൾപ്പെടുത്തി. ഷപൂർ കഴിഞ്ഞ വർഷം മാർച്ചിലാണ് ഏറ്റവും ഒടുവിൽ അഫ്ഗാനായി ട്വന്റി20 മത്സരം കളിച്ചത്. ദൗലത്ത് സദ്രാനാകട്ടെ രണ്ടു വർഷത്തോളമായി ടീമിലില്ല. അഞ്ച് വർഷമായി അഫ്ഗാൻ ടീമിലില്ലാത്ത ഹമീദ് ഹസനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഫ്ഗാൻ ക്രിക്കറ്റിൽ ഇത്തരം രാജികൾ പുതിയ കഥയല്ല. ക്രിക്കറ്റ് ഇതര വിഭാഗങ്ങളിൽനിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദ്ദവും ചൂണ്ടിക്കാട്ടി അഫ്ഗാൻ സീനിയർ ടീമിന്റെ ചീഫ് സിലക്ടർ അസദുല്ല ഖാൻ ഇക്കഴിഞ്ഞ ജൂലൈയിൽ രാജിവച്ചിരുന്നു. ടീമിനെക്കുറിച്ചോ ടീം തിരഞ്ഞെടുപ്പിനേക്കുറിച്ചോ പ്രാഥമിക വിവരം പോലുമില്ലാത്തവരാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നബി മുൻപും അഫ്ഗാനെ നയിച്ചിട്ടുണ്ട്. ഒക്ടോബർ 17നാണ് ലോകകപ്പ് തുടങ്ങുന്നത്. ഗ്രൂപ്പ് ബിയിൽ ഇന്ത്യക്കൊപ്പമാണ് അഫ്ഗാനിസ്ഥാനുമുള്ളത്. യു.എ.ഇയിലും ഒമാനിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുക. ബി.സി.സിഐ ആണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്.

നായകനായതിൽ അഭിമാനമുണ്ടെന്നും ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും നബി പറഞ്ഞു. ' അഫ്ഗാനിസ്താനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഘട്ടമാണിത്. ഈ സമയത്ത് ക്രിക്കറ്റ് ബോർഡ് എന്നെ ഏൽപ്പിച്ച ദൗത്യം പൂർണ മനസ്സോടെ ഞാൻ സ്വീകരിക്കുന്നു. ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്താൻ മികച്ച പ്രകടനം പുറത്തെടുക്കും'- നബി വ്യക്തമാക്കി.