അങ്കമാലി: അങ്കമാലിയിലെ കുടുംബം പൊള്ളലേറ്റ് മരിച്ചതിന്റെ കാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു. എവിടെ നിന്നുമാണ് തീപടർന്നത് എന്നത് അടക്കമുകാര്യങ്ങളിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. നാല് പേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു. കണ്ണീരിൽ കുതിർന്ന യാത്രയയപ്പാണ് ഇവർക്ക് നാടും നാട്ടുകാരും നൽകിയത്. നാടിനെ നടുക്കിയ ദുരന്തത്തിൽ മരിച്ച നാലുപേരെയും അവസാനമായി ഒരു നോക്കുകാണാൻ ആയിരങ്ങളാണ് അയ്യമ്പിള്ളി വീട്ടിലേക്ക് ഒഴുകിയെത്തിയത്. നാലുപേർക്കും ഒരേ കല്ലറയിൽ അന്ത്യവിശ്രമമൊരുക്കി നാട് വിടയേകി.

അങ്കമാലി ടൗണിന് സമീപം പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ പരേതനായ എ.പി. കുര്യച്ചന്റെ മകൻ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ മാത്യു (40), മക്കളായ ജൊവാന (8), ജെസ്വിൻ (6) എന്നിവരാണ് ശനിയാഴ്ച പുലർച്ചെ കിടപ്പുമുറിയിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചത്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 10.45-ന് വീട്ടിൽ കൊണ്ടുവന്നു. മൃതദേഹങ്ങൾ എത്തുംമുൻപേ തന്നെ വീട്ടിൽ ആളുകൾ നിറഞ്ഞിരുന്നു. ആദ്യം കുട്ടികളുടെ മൃതദേഹങ്ങളാണ് ആംബുലൻസിൽ നിന്ന് ഇറക്കിയത്. അനുമോളുടെയും ബിനീഷിന്റെയും മൃതശരീരങ്ങൾ കൂടി എത്തിച്ചതോടെ എങ്ങും തേങ്ങലുകൾ ഉയർന്നു.

അങ്കമാലി സെയ്ന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ. വർഗീസ് പാലയിലിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌ക്കാര ശുശ്രീഷകൾ നടന്നത്. നാലു മൃതശരീരങ്ങളും വീട്ടുമുറ്റത്തെ പന്തലിൽ പൊതുദർശനത്തിന് വെച്ചു. ശരീരം കത്തിക്കരിഞ്ഞതിനാൽ നാലുപേരുടെയും ചിത്രങ്ങൾ പെട്ടിക്ക് മുന്നിലായി പ്രദർശിപ്പിച്ചിരിക്കുകയായിരുന്നു. അങ്കമാലി സെയ്ന്റ് ജോർജ് ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ പ്രത്യേക പ്രാർത്ഥന നടത്തി.

ബിനീഷിന്റെ അമ്മ ചിന്നമ്മ, സഹോദരി ബിന്ദു, സഹോദര ഭാര്യ ഐമി, അനുമോളുടെ പിതാവ് മാത്യു, അമ്മ ചാച്ചമ്മ, സഹോദരങ്ങളായ രാജേഷ്, പ്രയേഷ് എന്നിവരെല്ലാം തളർന്ന് കരയുകയായിരുന്നു. വീട്ടിലെ പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കുംശേഷം മൃതദേഹങ്ങൾ വിലാപയാത്രയായി അങ്കമാലി കത്തീഡ്രലിലേക്ക് കൊണ്ടുപോയി. പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം ഒരേ കല്ലറയിൽ നാലുപേരുടെയും മൃതദേഹം സംസ്‌കരിച്ചു.

സംഭവത്തിൽ മരണകാരണം കണ്ടത്താൻ വേണ്ടി പൊലീസ് കൂടുതൽ പരിശ്രമം നടത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പൊലീസും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ധരും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഡോഗ് സ്‌ക്വാഡുമെല്ലാം വീട്ടിൽ പരിശോധന നടത്തിയെങ്കിലും മരണകാരണം വ്യക്തമായില്ല. ഷോർട്ട് സർക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും അക്കാര്യവും ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൃത്യമായ കാരണം അറിയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. കളമശ്ശേരിയിൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ നാലുപേരുടെയും ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇത് കോടതിയുടെ അനുമതിയോടെ പരിശോധനയ്ക്ക് അയക്കും. കെമിക്കൽ പരിശോധന നടത്തി അതിന്റെ ഫലം വന്നാൽ മാത്രമേ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുകയുള്ളൂ. മരിക്കുന്നതിനുമുൻപ് നാലുപേരും അബോധാവസ്ഥയിലായതായി കണ്ടെത്തിയിട്ടുണ്ട്.

അബോധാവസ്ഥയിലായ ശേഷമാണ് ഇവർക്ക് പൊള്ളലേറ്റിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ച് കാർബൺ അകത്ത് ചെന്നാണോ അബോധാവസ്ഥയിലായത്, അതോ മുറിയിലെ എയർകണ്ടീഷണറിൽനിന്ന് വാതകച്ചോർച്ച ഉണ്ടായിട്ടാണോ എന്നതുൾപ്പെടെയെല്ലാം അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തത വരികയുള്ളൂ. അങ്കമാലി സ്റ്റേഷൻ ഓഫീസർ ലീവിലായതിനാൽ ചെങ്ങമനാട് സ്റ്റേഷൻ ഓഫീസർ കെ. കുമാറിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ആലുവ ഡി.വൈ.എസ്‌പി. പ്രസാദ് ഞായറാഴ്ച സംഭവം നടന്ന വീട്ടിലെത്തിയിരുന്നു.